

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷയായി പുതിയ വൈസ് ചാന്‍സിലര്‍ ഡോ.കെ.എസ്.അനിലിന്റെ വാക്കുകള്‍. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് വി.സി ഡോ.കെ.എസ്.അനില്‍ ഉറപ്പ് നല്‍കിയത്. വി.സി സിദ്ധാര്‍ത്ഥന്റെ നെടുമങ്ങാടുള്ള വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും വി.സി പറഞ്ഞു.


സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്നും വി.സി വ്യക്തമാക്കി. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് വി.സിയോട് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ വി.സിയില്‍ പ്രതീക്ഷയുണ്ടെന്നും ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ടെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയപ്രകാശ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.




