

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. യു.ഡി.എഫും എന്‍.ഡി.എയും അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയതോടെ മുദാക്കല്‍ പഞ്ചായത്തില്‍ രാഷ്ട്രീയ ബലാബലത്തിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ കൗണ്‍സിലറായ പള്ളിയറ ശശി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവച്ചതോടെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണ സമിതി പ്രതിസന്ധിയിലായത്.

നിലവില്‍ എല്‍.ഡി.എഫിന് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 8 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് അഞ്ചും ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എയ്ക്ക് ഏഴ് അംഗങ്ങളും ഉണ്ട്. അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസില്‍ സി.പി.ഐ അംഗമായ പള്ളിയറ ശശിയും ഒരു സ്വതന്ത്ര അംഗവും ഒപ്പിട്ടതായാണ് ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന് അംഗബലം 6 ആയി ചുരുങ്ങാനാണ് സാധ്യത. ഒരു സ്വതന്ത്ര അംഗവും സി.പി.ഐ അംഗവും യു.ഡി.എഫിനൊപ്പം കൂടിയാല്‍ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും 7 വീതം അംഗങ്ങളാവും. ഇതോടെ ഏത് മുന്നണിക്കും ഭരണസമിതി രൂപീകരിക്കാമെന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പം നില്ക്കുന്ന സ്വതന്ത്രനെക്കൂടി അടര്‍ത്തിയെടുത്ത് ഒപ്പം കൂട്ടിയാല്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ ഭരണസമിതി രൂപീകരിക്കാനുള്ള സാധ്യതയുണ്ട്. മലക്കം മറിഞ്ഞവരെ തിരികെയെത്തിക്കാന്‍ സാധിച്ചാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി എല്‍.ഡിഎഫിന് ഭരണം നിലനിര്‍ത്താനും സാധിക്കും. പതിനഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അവിശ്വാസ പ്രമേയത്തിന് നല്കിയ നോട്ടീസ് പരിഗണിക്കണമെന്നിരിക്കെ മുദാക്കല്‍ പഞ്ചായത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റുകളാണ്.

അതേസമയം, ഭരണസമിതി രൂപീകരണ സമയത്തെ ധാരണ പാലിക്കാത്തതാണ് തന്റെ രാജിക്ക് കാരണമെന്ന് സി.പി.ഐ അംഗം പള്ളിയറ ശശി ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് താന്‍ രാജി സമര്‍പ്പിച്ചതെന്നും തുടര്‍ന്നുള്ള നീക്കങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര വര്‍ഷം വീതം പ്രസിഡന്റ് സ്ഥാനം കൈവശം വയ്ക്കുക എന്നതായിരുന്നു സി.പി.എം-സി.പി.ഐ ധാരണ. എന്നാല്‍, ആ ധാരണ പാലിക്കാന്‍ സി.പി.എം തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പള്ളിയറ ശശി കൂട്ടിച്ചേര്‍ത്തു.

