

വെഞ്ഞാറമൂട്: വാഹനം കടയിലേക്ക് ഇടിച്ച് കയറി ഉടമയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാപൊയ്ക നെസ്റ്റ് ബേക്കറി ഉടമ രമേശ്(49) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിക്കാണ് സംഭവം. ആന്ധ്രയിൽ നിന്നും എത്തിയ അയ്യപ്പഭക്തർ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ വഴി വെഞ്ഞാറമൂട് തണ്ട്രാപൊയ്കയിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

രമേഷ് കട തുറന്ന് സാധനങ്ങൾ എടുത്ത് പുറത്തുവച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു വാഹനം കടയിലേക്ക് ഇടിച്ച് കയറിയത്. നിയന്ത്രണംവിട്ട കാർ ബേക്കറിയുടെ മുൻവശത്ത് വച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞു കയറി. രമേശിനെയും ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്ത് ഉണ്ടായിരുന്ന വീടിന്റെ മതിൽ തകർത്ത് കാർതല കീഴായി മറിഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ രമേശ് മരണപ്പെട്ടു.ഡ്രൈവർ ഉറങ്ങി പോയതാകാം കാരണമെന്നാണ് പോലീസ് നിഗമനം.അയ്യപ്പഭക്തർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഈ ഭാഗത്ത് വാഹന അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഭാര്യ: സുനു, മക്കൾ:മാനവ്, ആദി.


