

ആറ്റിങ്ങല്‍: റോഡിന്റെ ശോചനീയാവസ്ഥയില്‍ സഹികെട്ട ജനങ്ങള്‍ ഒടുവില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആറ്റിങ്ങല്‍ വക്കം നിലയ്ക്കാമുക്ക്-പണയില്‍ കടവ്-കായിക്കര കടവ് റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജനം തെരുവില്‍ പ്രതിഷേധിച്ചത്. വക്കം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ റോഡ് ഉപരോധിച്ചു. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കൊപ്പം നിരവധി ജനകീയ പ്രശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയത്. വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ബിഷ്ണു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതിന് ശേഷം പഞ്ചായത്തിനോട് കടുത്ത അവഗണനയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചിറ്റമ്മ നയത്തില്‍ ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നിലയ്ക്കാമുക്ക്-പണയില്‍ കടവ്-കായിക്കര കടവ് റോഡില്‍ അറ്റകുറ്റപണികള്‍ പോലും നടത്തുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ തവണ എം.എല്‍.എയായിരുന്ന ബി.സത്യനും ഇപ്പോഴത്തെ എം.എല്‍.എയായ ഒ.എസ്.അംബികയും റോഡ് നന്നാക്കാനുള്ള തുക അനുവദിച്ചതായി ഫ്‌ളക്‌സ് വച്ചതല്ലാതെ ഇതുവരെ പണി നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഈ റോഡില്‍ ജനങ്ങള്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കൊപ്പം വക്കം റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ ദയനീയാവസ്ഥയും വാട്ടര്‍ അതോറിറ്റി വകുപ്പിന്റെ അനാസ്ഥകളും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികളില്‍ ഉയര്‍ത്തിക്കാട്ടി. റൂറല്‍ ഹെല്‍ത്ത് സെന്ററില്‍ മുമ്പ് ഉണ്ടായിരുന്ന കിടത്തി ചികിത്സ ഇപ്പോള്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും ഉണ്ടായിരുന്നത് ഇപ്പോള്‍ ഉച്ചവരെയായി. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം കൃത്യസമയത്ത് ലഭ്യമല്ല. വനിതാ ഡോക്ടറെ രോഗി ആക്രമിച്ച് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ മാറിവന്ന സര്‍ക്കാര്‍ മാനദണ്ഡം പാലിക്കണമെന്നതിനാല്‍ ഹൗസ് സര്‍ജന്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാരുടെ അസാന്നിധ്യത്തില്‍ രോഗികളെ പരിശോധിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു.

ഒ.പി സമയം 2 മണിയാക്കി നോട്ടീസ് പതിപ്പിച്ചെങ്കിലും പിന്നീട് ഒരു മണി വരെയാക്കി ചുരുക്കി. സമീപ പഞ്ചായത്തില്‍നിന്നു പോലും രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് വക്കം റൂറല്‍ ഹെല്‍ത്ത് സെന്റര്‍. ഒരു ദിവസം ശരാശരി അഞ്ഞൂറോളം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. പനി സീസണില്‍ തിരക്ക് അതിന്റെ ഇരട്ടിയോളമാകും. എന്നാല്‍ സീനിയര്‍ ഡോക്ടറുടെ സേവനം കൃത്യ സമയത്ത് ലഭിക്കാത്തതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥാവിശേഷമാണ് ഇവിടെയുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലുള്ള ഡോക്ടറെ കണ്ടുകിട്ടിയാല്‍ അത് മഹാഭാഗ്യമാണെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു.

ജലജീവന്‍ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമാക്കാന്‍ പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകളും ഇടവഴികളും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അപകടങ്ങള്‍ പെരുകുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈ വിഷയങ്ങളിലും പഞ്ചായത്ത് കമ്മിറ്റി കൂടി ഐകകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പല തവണയായി നിരവധി പരാതികള്‍ പഞ്ചായത്തും പൊതുജനങ്ങളും സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ഉപരോധ പരിപാടികളെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വക്കം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ അശോകന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഫൈസല്‍ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ലാലിജ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ലജപതി, ബി.ആര്‍.പ്രതീഷ്, മണ്ഡലം കോണ്‍ഗ്രസ് ജന.സെക്രട്ടറിയും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അരുണ്‍, പഞ്ചായത്ത് അംഗവും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഗണേഷ്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിജു ഉണ്ണി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി മോള്‍, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലിസി, ഐ.എന്‍.ടിയു.സി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്ലാവിള ജോസ്, സേവാദള്‍ മണ്ഡലം പ്രസിഡന്റ് ജയന്‍, പ്രാദേശിക നേതാക്കളായ ഷാന്‍, മുജീബ് എന്നിവര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു.