Breaking News

ഗുരുദേവ സമാധി ദിനാചരണം 22ന്: ലോകമെമ്പാടും ഒരുക്കം

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണത്തിന് ലോകമെമ്പാടും ഗുരുദേവ ഭക്തരും ഗുരുദേവ പ്രസ്ഥാനങ്ങളും തയ്യാറെടുപ്പു തുടങ്ങി. ഗുരുജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ജപയജ്ഞം ശിവഗിരിയില്‍ സമാധി ദിനത്തില്‍ സമാപിക്കും. പലയിടത്തും നടന്നുവരുന്ന ധര്‍മ്മചര്യായജ്ഞം, ഭവനപ്രാര്‍ത്ഥനകള്‍, സത്സംഗം, പ്രഭാഷണ പരമ്പര ഗുരുദേവന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്ത ശിഷ്യപ്രമുഖന്‍ ബോധാനന്ദ സ്വാമി സമാധി ദിനം വരെ തുടരും.

ഗുരുദേവ ശിഷ്യപ്രമുഖന്‍ സ്വാമി ശ്രീനാരായണ തീര്‍ത്ഥര്‍ സ്ഥാപിച്ച ശിവഗിരി മഠം ശാഖാസ്ഥാപനം കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം ശ്രീനാരായണ കണ്‍വന്‍ഷന്‍ മഹാസമാധി ദിനം വരെ തുടരും. ഗുരുദേവ പ്രസ്ഥാനങ്ങളില്‍ ഏറ്റവുമധികം കാലം തുടരുന്ന കണ്‍വന്‍ഷന്‍ ഇവിടെയെന്ന പ്രത്യേകത അദ്വൈതവിദ്യാശ്രമം കണ്‍വഷനുണ്ട്.

കണ്‍വന്‍ഷന് തുടക്കം കുറിച്ചുകൊണ്ട് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ മൂന്നു ദിനം നീണ്ടുനിന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും കുറിച്ചി ആശ്രമത്തില്‍ നടന്നിരുന്നു. 21 ന് സമാധി ദിനതലേന്ന് മഹാസമാധി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും. 22-ന് സമാധി ആചരണത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകളുമുണ്ടായിരിക്കും.

ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരുധര്‍മ്മ പ്രചരണസഭയുടെ നേതൃത്വത്തിലാണ് ധര്‍മ്മചര്യായജ്ഞം നടന്നുവരുന്നത്. സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും ബ്രഹ്‌മചാരിമാരും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടന്നുവരുന്ന ധര്‍മ്മചര്യായജ്ഞത്തിന് നേതൃത്വം നല്‍കി വരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംസ്ഥാനത്തിനു പുറത്ത് ചെന്നൈ, കര്‍ണ്ണാടകം, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ആന്‍ഡമാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാധി ദിനാചരണത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ശിവഗിരി മഠത്തില്‍ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *