

ന്യൂഡല്‍ഹി: അതിഥികളില്‍നിന്ന് രാജ്യത്തിന്റെ യാഥാര്‍ഥ്യം മറയ്‌ക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രതിനിധികളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാന്‍ ഡല്‍ഹി പൊലീസ് ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

”കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്ക്കുന്നു. ഇന്ത്യയുടെ യാഥാര്‍ഥ്യം അതിഥികളില്‍നിന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല”-രാഹുല്‍ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. രാജ്യാന്തര നേതാക്കള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള മുനീര്‍ക്ക ട്രാഫിക് ജംക്ഷനു സമീപമുള്ള ചേരിയും പൊലീസ് മറച്ചിരുന്നു.

നേരത്തേ, ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ക്ഷണിക്കാത്തതിനെയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ജനസംഖ്യയിലെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.

