Breaking News

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും അറസ്റ്റില്‍

ബംഗലൂരു: ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്ര പൊലീസിന്റെ സി.ഐ.ഡി വിഭാഗം ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ കസ്റ്റഡിയില്‍ എടുത്തത്. 2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ നടന്ന ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇതില്‍ അഴിമതിയുണ്ടെന്നും മുന്‍ മുഖ്യമന്ത്രിയായ നായിഡുവിന് അഴിമതിയില്‍ പങ്കുണ്ടെന്നുമാണ് സി.ഐ.ഡി വിഭാഗം കണ്ടെത്തിയിട്ടുള്ളത്. നായിഡുവിന്റെ മകന്‍ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മാനവ വിഭവ ശേഷി വികസനത്തിന്റെ പേരില്‍ സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു എന്നാണ് കേസ്. 2014-ല്‍ ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് രണ്ട് മാസത്തിന് ശേഷം ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാര്‍ ഒപ്പിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊതുപണം ദുരുപയോഗം ചെയ്തു, കരാറുകളില്‍ കൃത്രിമം കാണിച്ചു എന്നീ കുറ്റങ്ങളാണ് നായിഡുവിനെതിരെ ചുമത്തിയിട്ടുള്ളത്.

സി.ഐ.ഡി അന്വേഷണത്തിന് മുമ്പേ ഇ.ഡി, ജി.എസ്.ടി, ഇന്റലിജന്‍സ്, ഐ.ടി, സെബി എന്നീ അന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നു. ആകെ 3,356 കോടിയുടെ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം 10 ശതമാനമാനവും സീമന്‍സ് കമ്പനി വിഹിതം 90 ശതമാനവും ആയിരുന്നു.

താന്‍ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും ശരിയായ വിവരങ്ങളോ തെളിവുകളോ ഇല്ലാതെ സി.ഐ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നായിഡു ആരോപിച്ചു. എഫ്.ഐ.ആറില്‍ എന്റെ പേര് ചേര്‍ക്കുന്നതിന് കാരണമായ തെളിവുകള്‍ കാണിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചുവെന്നും ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *