Breaking News

നല്‍കിയ നെല്ലിന് തനിക്ക് പണം കിട്ടിയത് ബാങ്ക് വായ്പയായി: സര്‍ക്കാരിനെതിരെ നടന്‍ കൃഷ്ണപ്രസാദ്

നടന്‍ കൃഷ്ണപ്രസാദ്, കൃഷി മന്ത്രി പി.പ്രസാദ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ കൃഷ്ണപ്രസാദ്. താന്‍ നല്‍കിയ നെല്ലിന് എനിക്ക് ബാങ്കില്‍ നിന്ന് വായ്പയായാണ് ജൂലൈ മാസത്തില്‍ പണം കിട്ടിയതെന്ന് കൃഷ്ണപ്രസാദ് വ്യക്തമാക്കി. ഓണം കഴിഞ്ഞിട്ടും വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ നെല്ലിന് പണം കിട്ടിയിട്ടില്ലാത്ത ആയിരക്കണക്കിന് കര്‍ഷകരുണ്ടെന്ന് പറഞ്ഞ കൃഷ്ണപ്രസാദ് തനിക്ക് നെല്ലിന് പണം കിട്ടിയെന്ന രേഖ കണ്ടെത്താന്‍ നടത്തിയ ഉത്സാഹം കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കാട്ടണമായിരുന്നുവെന്നും തുറന്നടിച്ചു.

കര്‍ഷകര്‍ വളരെയധികം വേദനയിലാണ്. കഴിഞ്ഞ വര്‍ഷം നിരണത്ത് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക മേഖലയിലേക്ക് ആളുകള്‍ ഇപ്പോള്‍ വരുന്നില്ല. അതിന് അവര്‍ക്ക് വേണ്ട സഹായം നല്‍കണം. ഇതുവരെ ഇവിടെ കര്‍ഷക കൂട്ടായ്മകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ താന്‍ അത്തരമൊരു കൂട്ടായ്മയില്‍ പോയപ്പോള്‍ നടനെന്ന നിലയില്‍ പരിഗണന കിട്ടി. ജയസൂര്യ പറഞ്ഞത് കൊണ്ടാണ് വിഷയം ചര്‍ച്ചയായത്. എന്റെ പേര് അദ്ദേഹം പറഞ്ഞത് തന്നെ അറിയുന്നത് കൊണ്ടാണ്. ആയിരക്കണക്കിന് കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് താന്‍. എന്റെ പണം തന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീരില്ലെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

അഞ്ചര മാസം മുന്‍പ് ശേഖരിച്ച നെല്ലിന്റെ പണം 360 കോടി രൂപ ഇപ്പോഴും 25000 പേര്‍ക്ക് കിട്ടാനുണ്ട്. എന്റെ പാടത്തെ രണ്ട് പേര്‍ക്ക് വേണ്ടിയല്ല താന്‍ സംസാരിക്കുന്നത്. ഇനി പണം കിട്ടാനുള്ളവര്‍ക്ക് അത് കിട്ടാനാണ്. കാറ്റും മഴയും പ്രളയവും അതിജീവിച്ച് നെല്ലുണ്ടാക്കുമ്പോള്‍ സര്‍ക്കാരാണ് അവര്‍ക്ക് ആശ്വാസം നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം വരെ ഒരു മാസത്തിനുള്ളില്‍ പണം കിട്ടിയിരുന്നു. ഇത്തവണയാണ് അഞ്ചര മാസം വൈകിയത്.

വിവാദമായ ശേഷം മന്ത്രിയുടെ പി.എസ് തന്നെ വിളിച്ചു. തന്റെ രേഖ ലഭിക്കാന്‍ വേണ്ടി കാട്ടിയ ആ ആര്‍ജ്ജവം പണം നല്‍കാന്‍ കാട്ടിയിരുന്നെങ്കില്‍ അത് ഒറ്റ ദിവസം കൊണ്ട് പാസാവും. വായ്പയായാണ് ബാങ്കില്‍ നിന്ന് തനിക്ക് പണം നല്‍കിയത്. കര്‍ഷകരില്‍ 90 ശതമാനവും വിദ്യാഭ്യാസമുള്ളവരല്ല. അവര്‍ പറയുന്നിടത്ത് ഒപ്പിടും. വായ്പയായാണ് പണം കിട്ടുന്നതെന്ന് പലര്‍ക്കും അറിയില്ല-അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ കാര്‍ഷികോത്സവ പരിപാടിയില്‍ പ്രസംഗിക്കവെ കൃഷി മന്ത്രി പി.പ്രസാദിനെയും വ്യവസായ മന്ത്രി പി.രാജീവിനെയും വേദിയിലുത്തി നടന്‍ ജയസൂര്യ നടത്തിയ പ്രസംഗത്തെ പിന്തുണച്ചുകൊണ്ടാണ് നടന്‍ കൃഷ്ണപ്രസാദ് രംഗത്തുവന്നത്. നടന്‍ കൃഷ്ണ പ്രസാദിന് കാര്‍ഷിക വൃത്തിയില്‍ നേരിടേണ്ടിവന്ന ദുരനുഭവം ഉദാഹരണമാക്കിയായിരുന്നു ജയസൂര്യ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. എന്നാല്‍ സംഭരിച്ച നെല്ലിന് പണം കൊടുക്കാത്തത് അടക്കം ജയസൂര്യ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മന്ത്രി പി രാജീവ് അതേ വേദിയില്‍ മറുപടി നല്‍കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *