

വര്‍ക്കല: ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റിന്റെയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് 12 മുതല്‍ 20 വരെ നടന്നുവന്ന ഗണേശോത്സവം ഗണേശോത്സവം നിമജ്ഞന യജ്ഞത്തോടെ സമാപിച്ചു. വര്‍ക്കല പാപനാശത്താണ് ഗണേശോത്സവത്തിന്റെ നിമജന യജ്ഞവും വിനായക ചതുര്‍ത്ഥി ഘോഷയാത്രയും സമാപന സമ്മേളനവും നടന്നത്. ഞായറാഴ്ച രാവിലെ ചിറയിന്‍കീഴ് ശ്രീ ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വര്‍ക്കല പാപനാശത്ത് സമാപിച്ച വിനായക ചതുര്‍ത്ഥി ഘോഷയാത്രയുടെ ഭാഗമായ നൂറു കണക്കിന് ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ഞനം ചെയ്തു.

ശ്രീ ശാര്‍ക്കര ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ മാധവന് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വലിയ കട, ആറ്റിങ്ങല്‍, കല്ലമ്പലം വഴി വര്‍ക്കല പാപനാശം കടവില്‍ എത്തിചേര്‍ന്നു. ഘോഷയാത്രക്ക് റോഡിന്റെ ഇരുവശങ്ങിലും വിടുകളിലും വ്യാപര സ്ഥാപനങ്ങളിലും നിലവിളക്ക് കൊളുത്തി വച്ചും ദാഹജലം നല്‍കിയും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഗണപതിയുടെ 36 ഭാവങ്ങളിലുമുള്ള ചെറുതും വലുതുമായ വിഗ്രഹങ്ങളും, ചെണ്ടമേളം, പൂക്കാവടി, തംബോല തുടങ്ങി നിരവധി വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.

പാപനാശത്ത് നടന്ന സമാപന സമ്മേളനം കേന്ദ്ര അനിമല്വെല്ഫയര് ബോര്‍ഡ് ചെയര്മാന് എസ്.കെ.മിത്തല്‍ ഉത്ഘാടനം ചെയ്തു. മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബി.ചന്ദ്രമോഹന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എന്‍ജിനീയേര്‍സ് ഓഫ് ഇന്ത്യ ചെയര്മാന് ഡോ.എം..ജയരാജു സ്വാഗതം പറഞ്ഞു. ഇക്കൊല്ലത്തെ വിനായക ചതുര്‍ത്ഥി പുരസ്കാരം ബോച്ചേ ഡോ.ബോബി ചെമ്മണ്ണുരിന് നല്കി ആദരിച്ചു.

ഡോ.ബ്രഹ്മയോഗിനി മാതാ അംബികാ ചൈതന്യമയി (ചിന്താമണി മാത്യ പുരി, ഗുഢല്ലൂര്‍), സ്വാമി ബ്രഹ്മാനന്ദ സരസ്വതി (മഠാധിപതി, ചേങ്കോട്ടുകോണം ആശ്രമം), ബ്രഹ്മശ്രീ സ്വാമി വിശാലാനന്ദ(ശിവഗിരി മഠം), സ്വാമി അദ്വൈതാനന്ദപുരി, ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി(ഗണേശോത്സവ സമിതി പ്രസിഡന്റ്),ദേശപാലന്‍ പ്രദീപ് (ആദിത്യ ജുവലറി), തോട്ടയ്ക്കാട് ശശി (പ്രസിഡന്റ്, ശ്രീപാദം ടെമ്പിള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്), ഉണ്ണി (പാലക്കാവ് ടെമ്പിള്‍ ട്രസ്റ്റ് സെക്രട്ടറി), ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റ് ചെയര്മാന് വക്കം അജിത് എന്നിവര്‍ പങ്കെടുത്തു.
