Breaking News

പുതുപ്പള്ളിയില്‍ സമദൂരമെന്ന് എന്‍.എസ്.എസ്; പലപ്പോഴും സമദൂരമല്ലെന്ന് എം.വി.ഗോവിന്ദന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് നിലപാട് സമദൂരമായിരിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്നാല്‍ എന്‍.എസ്.എസിന്റെ സമദൂര സിദ്ധാന്തം പലപ്പോഴും സമദൂരമാകാറില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് നിലപാട് സമദൂരമായിരിക്കുമെന്ന് പറഞ്ഞ ജി.സുകുമാരന്‍ നായര്‍ വിവാദമായ മിത്ത് പരാമര്‍ശം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

ഏത് തെരഞ്ഞെടുപ്പായാലും എല്ലാ സ്ഥാനാര്‍ത്ഥികളും എന്‍.എസ്.എസ് ആസ്ഥാനത്ത് എത്താറുണ്ടെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസിന്റെ സന്ദര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് ജി.സുകുമാരന്‍ നായരുടെ മറുപടി. അതേസമയം, മിത്ത് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികള്‍ തുടരും. സംസ്ഥാന സര്‍ക്കാര്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ആയാലും തെറ്റ് ചെയ്താല്‍ തെറ്റെന്നുതന്നെ പറയും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് മറയണമെന്ന നിലപാടില്‍ മാറ്റമൊന്നുമില്ല-ജി.സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

അതേസമയം, എന്‍.എസ്.എസിന്റെ സമദൂര നിലപാടിനോട് അല്‍പം വിശ്വാസ്യതക്കുറവ് പ്രകടിപ്പിച്ചുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ സി.പി.എം ആരെയും ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല. അത് പണ്ടുമില്ല, ഇപ്പോഴുമില്ല, ഇനി ഉണ്ടാവുകയുമില്ല. പാര്‍ട്ടി നയത്തിന് അനുസരിച്ചാണ് ഓരോ സംഘടനയുമായിട്ടുള്ള ഇണക്കവും പിണക്കവും. എന്‍.എസ്.എസിന്റെ സമദൂരം പലപ്പോഴും സമദൂരം ആകാറില്ല. ഇപ്പോള്‍ സമദൂരം എന്നുപറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോ-എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *