Breaking News

പോര് മുറുകുന്നു; സംവാദത്തിന് തയാറുണ്ടോയെന്ന് ജെയ്ക്, ആദ്യം കേരള വികസനം ചര്‍ച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും കളംനിറഞ്ഞതോട് രാഷ്ട്രീയ കേരളം പുതുപ്പള്ളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തീപാറുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ചര്‍ച്ചകളും സംവാദങ്ങളും. ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചാണ് ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന് മൂര്‍ച്ച കൂട്ടുന്നത്.

സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ വെല്ലുവിളികളിലേക്കും സംവാദങ്ങളിലേക്കുമാണ് പുതുപ്പള്ളിയുടെ രാഷ്ട്രീയം വഴിമാറുന്നത്. 50 വര്‍ഷത്തിലേറെ കാലം എം.എല്‍.എയും ഏഴര വര്‍ഷക്കാലത്തോളം മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ വികസനം ചര്‍ച്ച ചെയ്യാന്‍ തയാറുണ്ടോയെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസിന്റെ ചോദ്യം. പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോയെന്നാണ് ജെയ്കിന്റെ വെല്ലുവിളിക്കുള്ള ചാണ്ടി ഉമ്മന്റെ മറുപടി.

പഞ്ചായത്ത് ഓഫീസും കൃഷി ഭവനും ചൂണ്ടികാട്ടലല്ല വികസനമെന്നും ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും ജെയ്ക്.സി.തോമസ് ആവശ്യപ്പെടുമ്പോള്‍ ഏഴ് വര്‍ഷമായി കേരളത്തില്‍ എന്ത് വികസനമാണ് നടന്നതെന്നും പ്രചാരണ രംഗത്ത് നുണകളാണ് എല്‍ഡിഎഫ് പ്രചരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളുടെ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും ഒഴിഞ്ഞുമാറുകയാണ്. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിലെ കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ജെയ്കിന്റെ പ്രതികരണം. എന്നാല്‍, മുതിര്‍ന്ന നേതാക്കളാണ് ഈ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നായിരുന്നു ചാണ്ടി ഉമ്മന്റെ ഈ വിഷയത്തിലുള്ള പ്രതികരണം.

എല്‍.ഡി.എഫും യു.ഡി.എഫും പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബി.ജെ.പി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇന്നെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുതുപ്പള്ളിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *