

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്നും ഏത് വിഷയത്തിന് മുന്‍ഗണന നല്‍കണമെന്നും എന്ത് നിലപാട് സ്വീകരിക്കണമെന്നും നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ലെന്ന് വി.ഡി.സതീശന് പറഞ്ഞു. മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാതിരുന്ന നിലപാടിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നും വി.ഡി.സതീശന് ചോദിച്ചു. വീട്ടില്‍നിന്നും കൊണ്ടുവരുന്ന പണം കൊണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കോര്‍പറേറ്റ് കമ്പനികളില്‍നിന്നും മറ്റും ഫണ്ട് വാങ്ങുന്നുണ്ട്. കമ്പനികളില്‍നിന്ന് മാത്രമല്ല വിദേശ മലയാളികളില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ട്. കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരമാണ് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഫണ്ട് സ്വരൂപിക്കാന്‍ നിശ്ചയിച്ചത്. സംസ്ഥാനത്തിന്റെ കെ.എസ്.ഐ.ഡി.സിക്ക് പങ്കാളിത്തമുള്ള ബിസിനസ് നടത്തുന്ന വ്യവസായിയാണ് കര്‍ത്ത. അയാളില്‍ നിന്നും സംഭാവന വാങ്ങിയതില്‍ യാതൊരു തെറ്റുമില്ല-സതീശന് വിശദീകരിച്ചു.

