

കൊച്ചി: ചിരിയരങ്ങൊഴിഞ്ഞ് സംവിധായകന്‍ സിദ്ദിക് നിത്യതയിലേക്ക് യാത്രയായി. ഇന്നലെ രാത്രി 9.10 നാണ് മലയാളികള്‍ക്ക് ചിരിയുടെ വസന്തകാലമൊരുക്കിയ സിദ്ദിക് എന്ന സംവിധായകന്‍ അന്തരിച്ചത്. കരള്‍ രോഗബാധയെ തുടര്‍ന്ന് മൂന്നാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഹൃദയാഘാതവും കൂടി സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. രാവിലെ 9 ന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സിദ്ദിക്കിന്റെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വച്ചു. ഉച്ചയ്ക്ക് ശേഷം മൃതദേഹം കാക്കനാട് പളളിക്കരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറക്കും.

34 വര്‍ഷങ്ങള്‍ മുമ്പ് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ചിരിയുടെ വേറിട്ട അനുഭവം പരിചയപ്പെടുത്തിയ സിദ്ദിക് പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരെ ചിരിയുടെ വസന്തമൊരുക്കി. സിദ്ദിക്-ലാല്‍ സംവിധായക കൂട്ടുകെട്ടിന്റെ ചിത്രങ്ങള്‍ക്ക് കാത്തിരിക്കാന്‍ തുടങ്ങിയ മലയാള സിനിമാ പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയ ഹിറ്റ് ചിത്രങ്ങളുടെ പരമ്പര തന്നെ സിദ്ദിക്-ലാല്‍ ദ്വയങ്ങള്‍ സൃഷ്ടിച്ചു. ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങി എത്രയെത്ര ചിത്രങ്ങള്‍!

ഒറ്റയ്ക്ക് ചിത്രം സംവിധാനം ചെയ്തപ്പോഴും തീയറ്ററുകളില്‍ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കാന്‍ സിദ്ദിക്കിന് സാധിച്ചു. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, കിങ് ലയര്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവ അദ്ദേഹം ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഹിറ്റ് സിനിമകളാണ്. സല്‍മാന്‍ ഖാനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ബോര്‍ഡിഗാര്‍ഡിന്റെ ഹിന്ദി റീമേക്ക് 200 കോടി രൂപയിലേറെയാണ് കളക്ഷന്‍ നേടിയത്.
എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മിമിക്രി, മോണോ ആക്ട് വേദികളില്‍ സജീവമായിരുന്നു സിദ്ദിക്. തുടര്‍ന്ന് അദ്ദേഹം കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്ന് കലാരംഗത്ത് കൂടുതല്‍ സജീവമായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയാണ് സിദ്ദിക്-ലാല്‍ കൂട്ടുകെട്ട് ചലച്ചിത്ര ലോകത്തെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നത്.