Breaking News

മുഖ്യമന്ത്രിയുടെ മകള്‍ വീണ മാസപ്പടി വാങ്ങി; കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ വീണ്ടും വിവാദത്തില്‍. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനവും 1.72 കോടി രൂപ മാസപ്പടി കൈപ്പറ്റിയെന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്. 2017-20 കാലത്താണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്.

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ഡല്‍ഹി ബഞ്ചാണ് ഈ വിഷയത്തില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പിച്ചത്. വീണയുടെ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നുവെന്നും ഈ കരാര്‍ പ്രകാരം മാസം തോറും പണം നല്‍കിയെന്നും സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്ത ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്. വീണ വ്യക്തിപരമായി 55 ലക്ഷം രൂപയും എക്‌സാലോജിക് കമ്പനിയുടെ പേരില്‍ 1.17 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്.

എന്നാല്‍ ഈ പണം കൈപ്പറ്റിയത് സേവനങ്ങള്‍ ഒന്നുംതന്നെ നല്‍കാതെയാണെന്ന് ആദായ നികുതി വകുപ്പ് വാദിച്ചു. കരാര്‍ പ്രകാരമുള്ള സേവനങ്ങള്‍ എന്തെങ്കിലും ലഭിച്ചതായി തങ്ങള്‍ക്കറിവില്ലെന്ന് സി.എം.ആര്‍.എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്.സുരേഷ് കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാറും മൊഴി നല്‍കിയിരുന്നു. മൊഴി പിന്‍വലിക്കാന്‍ ശശിധരന്‍ കര്‍ത്തയും കമ്പനി ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നു.

നിയമവിരുദ്ധമായാണ് സി.എം.ആര്‍.എല്‍ കമ്പനി വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്ന വാദത്തില്‍ ആദായ നികുതി വകുപ്പ് ഉറച്ചു നിന്നു. എക്‌സാലോജിക് സൊല്യൂഷന്‍സ് ഐ.ടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ സി.എം.ആര്‍.എല്ലിന് ലഭ്യമാക്കും എന്നായിരുന്നു കരാര്‍. എന്നാല്‍ സേവനങ്ങള്‍ ഒന്നും നല്‍കാതെയാണ് വീണയും എക്‌സാലോജിക് സൊല്യൂഷന്‍സും പണം കൈപ്പറ്റിയതെന്നതിന് ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ബഞ്ച് വ്യക്തമാക്കി.

മറ്റ് ചില രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നിയമ വിരുദ്ധമായ രീതിയില്‍ സി.എം.ആര്‍.എല്‍ കോടിക്കണക്കിന് രൂപ നല്‍കിയതിന്റെ തെളിവുകള്‍ ആദായ നികുതി വകുപ്പ് സി.എം.ആര്‍.എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സി.എം.ആര്‍.എല്‍ കമ്പനിയുമായി വീണയും എക്‌സാലോജിക് സൊല്യൂഷന്‍സും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഇവിടെനിന്നും ആദായ നികുതി വകുപ്പിന് ലഭിച്ചു.

സംഭവം പുറത്തുവന്നതോടെ പുതിയ വിവാദത്തിന് തുടക്കമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ വീണയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. സേവനങ്ങള്‍ ഒന്നും ലഭ്യമാകാതെ സി.എം.ആര്‍.എല്‍ കമ്പനി മൂന്ന് വര്‍ഷത്തിനിടയ്ക്ക് 1.72 കോടി രൂപ വീണയ്ക്കും അവരുടെ കമ്പനിക്കുമായി നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന കണ്ടെത്തലാണ് പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ട്. ഇതിന് മുമ്പും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി നിയമസഭയില്‍ വിവാദ വിഷയമായിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *