

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും വ്യാപക മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ഇപ്പോള്‍ ചക്രവാതചുഴി നിലനില്‍ക്കുന്നത്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുകയാണ്. ജൂലൈ പതിനാറോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത.

കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

