

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ പാളയം ഇമാം വി.പി.സുഹൈബ് മൗലവി. ഏകീകൃത സിവില്‍ കോഡ് ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതാണെന്നും നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കെതിരായ ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറുമെന്നും ഇമാം പറഞ്ഞു. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയായിരുന്നു ഇമാമിന്റെ പ്രസ്താവന.

ധാരാളം മതങ്ങളും സംസ്കാരങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് പൊതുവ്യക്തിനിയമം നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കെതിരായ ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറുമെന്ന് ഇമാം വിശദീകരിച്ചു. മൗലികാവകാശങ്ങളേക്കാള്‍ മുന്‍ഗണന പൊതുവ്യക്തിനിയമത്തിന് നല്‍കരുത്. കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത വ്യക്തിനിയമത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത വ്യക്തിനിയമത്തെ പിന്തുണച്ച് പ്രസംഗിച്ചതിന് പിന്നാലെ മുസ്ലിം ലീഗും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ഏകീകൃത സിവില്‍ കോഡിന് എതിരായി രംഗത്തുവന്നിരുന്നു. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് നടപ്പാക്കിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി. നിയമ കമ്മീഷന് മുന്നില്‍ വിയോജിപ്പ് അറിയിക്കാന്‍ ബോര്‍ഡിന്റെ അടിയന്തര യോഗം തീരുമാനിച്ചിട്ടുണ്ട്. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷന് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്.