

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവിനെയും പുതിയ ഡി.ജി.പിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.വേണു. പാല സബ് കളക്ടറായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്ന വി.വേണു കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിന്റെ ചുമതലയും വി.വേണുവിനായിരുന്നു.

വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്ക്കുന്ന സംശുദ്ധ പ്രതിച്ഛായയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബിന് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെന്ന പദവിയിലേക്കുള്ള പാത എളുപ്പമാക്കിയത്. 1990 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയാണ് ഷേയ്ഖ് ദര്‍വേസ് സാഹിബ്. നെടുമങ്ങാട് എ.എസ്.പിയായിട്ടായിരുന്നു ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പാലക്കാട്, കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് മേധാവിയായി സേവനമനുഷ്ടിച്ചു. തിരുവനന്തപുരം, തൃശൂര്‍ റെയ്ഞ്ചുകളിലും പൊലീസ് ആസ്ഥാനത്തും ഐ.ജിയായിരുന്ന ദര്‍വേസ് സാഹിബ് വിജിലന്‍സില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായും രണ്ട് തവണ ക്രൈംബ്രാഞ്ച് മേധാവിയായും പ്രവര്‍ത്തിച്ചു.
