Breaking News

വ്യാജരേഖ കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു

പാലക്കാട്: മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യക്കെതിരായ വ്യാജരേഖ കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു. വിദ്യ ഇപ്പോഴും ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശ്ശേരി, പുതൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

2020-2021 കാലയളവില്‍ ഒരു വര്‍ഷത്തോളം വിദ്യ പഠിപ്പിച്ചിരുന്ന പത്തിരിപ്പാല കോളേജില്‍ അന്വേഷണ സംഘം പരിശോധന നടത്തിയേക്കും. അവിടെ ജോലിക്ക് കയറിയത് ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണെന്ന് അറിയാനാണ് പരിശോധന. പത്തിരിപ്പാല കോളേജില്‍ വിദ്യ പ്രവൃത്തിപരിചയം ഇല്ലെന്ന ബയോഡാറ്റയാണ് സമര്‍പ്പിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഇക്കാര്യവും പോലീസ് പരിശോധിക്കും.

ജൂണ്‍ രണ്ടിന് അട്ടപ്പാടി കേളേജില്‍ വിദ്യ അഭിമുഖത്തിനെത്തിയത് മണ്ണാര്‍ക്കാട് രജിസ്ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഈ കാര്‍ കണ്ടെത്താനും ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യയെ ഇതുവരെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിദ്യയുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *