
പാലക്കാട്: കെ.വിദ്യയെ ആദ്യമേ സംശയിച്ചിരുന്നെന്ന് അട്ടപ്പാടി സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ലാലി മോള്. അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴെ വിദ്യയെ സംശയിച്ചിരുന്നെന്നും അവര്‍ നല്‍കിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടതോടെ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് അട്ടപ്പാടി കോളേജിലും മഹാരാജാസിലും അഗളി പോലീസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടത്തി.
അഭിമുഖം കഴിഞ്ഞ് മാര്‍ക്ക് രേഖപ്പെടുത്തുമ്പോള്‍ തന്നെ വിദ്യയെ സംശയം തോന്നിയതായി അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യയെ ഫോണില്‍ വിളിച്ച് ലഭ്യമാകാതെ വന്നപ്പോള്‍ മഹാരാജാസ് കോളേജിനെ ബന്ധപ്പെട്ടു. അവര്‍ നല്‍കിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അതേസമയം, കെ. വിദ്യയ്ക്കായി അന്വേഷണം തുടരുകയാണെന്ന് അഗളി ഡി.വൈ.എസ്.പി എന്‍. മുരളീധരന് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ശേഖരിക്കുന്നുണ്ട്. മഹാരാജാസ് കോളേജില്‍ നിന്ന് ആവശ്യമായ രേഖകള്‍ ശേഖരിച്ചുവെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.
