
എറണാകുളം: എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്ന് അട്ടപ്പാടി അഗളി ഡി.വൈ.എസ്.പി എന്‍.മുരളീധരന്‍. വിദ്യയെ കണ്ടെത്താനുള്ള ഊര്‍ജ്ജിത അന്വേഷണം നടക്കുകയാണെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. വിദ്യ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടതോടെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മഹാരാജാസ് കോളജില്‍ തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘം ചോദിച്ച രേഖകളെല്ലാം നല്‍കിയെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബിന്ദു ശര്‍മിളയും വ്യക്തമാക്കി.
വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ വിദ്യയ്‌ക്കെതിരെ പി.എച്ച്.ഡി പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സംവരണം അട്ടിമറിച്ചാണ് വിദ്യയുടെ പിഎച്ച്ഡി പ്രവേശനം എന്നതിന്റെ കൂടുതല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ രണ്ട് ആരോപണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യയെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിദ്യ സമര്‍പ്പിച്ച അധ്യാപന പ്രവൃത്തി പരിചയ സാക്ഷ്യപത്രം വ്യാജമെന്ന പരാതിയില്‍ കൂടുതലാളുകളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തും.
അതേസമയം, വ്യാജ അധ്യാപന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് തയാറാക്കിയ കേസില്‍ പ്രതി സ്ഥാനത്തുള്ള വിദ്യ ഇപ്പോഴും ഒളിവില്‍ തുടരുന്നു എന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം പൊലീസ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
