Breaking News

എസ്.എഫ്.ഐ.യെ താറടിക്കരുത്; വിദ്യ ഭാരവാഹിയായിരുന്നില്ല , തള്ളിപ്പറഞ്ഞ് ഇ.പി.ജയരാജന്‍

കണ്ണൂര്‍: വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ കെ.വിദ്യയെ തള്ളിപ്പറഞ്ഞ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍. വിദ്യ എസ്.എഫ്.ഐ. ഭാരവാഹിയല്ലെന്നും അവര്‍ വ്യാജരേഖ ചമച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ.യെ താറടിക്കരുതെന്നുമാണ് ഇ.പി.ജയരാജന്‍. പറഞ്ഞത്. സ്ഥാനാര്‍ഥികളാകുന്നവരെല്ലാം സംഘടനയുടെ ആളുകളാണെന്ന ധാരണ വെച്ചുപുലര്‍ത്തരുത്. രാജീവ് ഗാന്ധിയെ വധിച്ചത് ഒരു പെണ്‍കുട്ടിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. വ്യാജരേഖ ചമച്ചതിന് പിന്നില്‍ ഗൂഢാലോചനയില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകമായിരുന്നു ഇ.പി.ജയരാജന്‍.

തെറ്റുകളെ അപലപിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. കെ.വിദ്യ എസ്.എഫ്.ഐ.യുടെ ഒരു ഭാരവാഹിയുമായിരുന്നില്ല. എസ്.എഫ്.ഐ. നേതാക്കള്‍ തന്നെ അത് വ്യക്തമാക്കിയതാണ്. കോളേജ് തിരഞ്ഞെടുപ്പുകളില്‍ പലതരം ആളുകളെ സ്ഥാനാര്‍ഥികളാക്കും. അതു കരുതി ആ സംഘടനയുടെ ആളുകളാണെന്ന ധാരണ വെച്ചുപുലര്‍ത്തരുത്. പാര്‍ട്ടി ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. വ്യാജരേഖയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇ.പി വ്യക്തമാക്കി.

എസ്.എഫ്.ഐ. എന്നത് വിദ്യാര്‍ഥികള്‍ക്ക് ഒരു ഹരമാണിന്ന്. കോളേജില്‍ വരുന്ന കുട്ടികളൊക്കെ എസ്.എഫ്.ഐ.യില്‍ വരുന്നു. എ.ബി.വി.പി.യിലും കെ.എസ്.യു.വിലും ഇപ്പോള്‍ ആളുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. കോളേജുകളില്‍ ലക്ഷക്കണക്കിന് കുട്ടികളുണ്ട്. അവരില്‍ മദ്യപിക്കുന്നവരും മദ്യപിക്കാത്തവരും പലതരത്തിലുള്ള ശീലങ്ങളും സ്വഭാവങ്ങളുമുള്ളവരുണ്ടാകും. അവരെയൊക്കെ നല്ല കുട്ടികളാക്കി മാറ്റിയെടുക്കലാണ് എസ്.എഫ്.ഐ.യുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *