
കൊച്ചി: മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ.ദിവ്യക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സംവരണം അട്ടിറിച്ചാണ് പി.എച്ച്.ഡി. നിയമനം നേടിയത് എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എസ്സി-എസ്ടി സെല്ലാണ് വിദ്യ സംവരണം അട്ടിമറിച്ചെന്ന് കണ്ടെത്തിയത്. 2020 ലാണ് എസ്സി-എസ്ടി സെല്‍ സര്‍വകലാശാലയ്ക്ക് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോള്‍ വിദ്യക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അട്ടപ്പാടി ആര്.ജി.എം. ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ ആഴ്ച ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് കെ.വിദ്യ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കോളേജിന്റെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാജാസിലും സംസ്കൃത സര്‍വകലാശാലയിലും എസ്.എഫ്.ഐ. നേതാവായിരുന്ന വിദ്യ യൂണിയന് ഭരണസമിതിയിലും അംഗമായിരുന്നു വ്യാജരേഖ ചമച്ചതിന് പ്രതിയായതിന് പിന്നാലെയാണ് വിദ്യ സംവരണം അട്ടിമറിച്ചാണ് പിഎച്ച്ഡി പ്രവേശനം നേടിയിരിക്കുന്നതെന്നതിന്റെ തെളിവുകളും പുറത്ത് വന്നിരിക്കുന്നത്. ‘വിദ്യ കെ.യുടെ പ്രവേശനത്തിനായി സര്‍വകലാശാല റിസര്‍വേഷന്‍ ചട്ടങ്ങള്‍ അട്ടിമറിച്ചു എന്ന് വ്യക്തമാണ്. സംവരണ അട്ടിമറിക്കായി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെടല്‍ നടത്തി’ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ ബന്ധമുപയോഗിച്ചാണ് വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണം നിലനില്‍ക്കെയാണ് കാലടി സര്‍വകലാശാലയിലെ എസ്സി-എസ്ടി സെല്ലിന്റെ റിപ്പോര്‍ട്ടിലും ഇവരുടെ സ്വാധീനം പറയുന്നത്.