Breaking News

വോട്ടിങ് മെഷീന്‍ പരിശോധന തുടങ്ങി; വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പെന്ന് സൂചന

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നതായി സൂചന. കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് മെഷീന്‍ പരിശോധന തുടങ്ങിയതാണ് വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കുന്നത്. മോക്ക് പോളിങ് ഉള്‍പ്പെടെ നടത്തിയാണ് പരിശോധന.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബുധനാഴ്ച പരിശോധിച്ചത്. മലപ്പുറം വയനാട് കലക്ടറേറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാവുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിന് പുറമേ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.

കലക്ടറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയാണ് വോട്ടിങ് മെഷീന്‍ പരിശോധിച്ചത്. ജൂണ്‍ അഞ്ച് തിങ്കളാഴ്ച തന്നെ പരിശോധന സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു. ഒന്നാം തീയതി മുതല്‍ കലക്ടറേറ്റില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് യു.ഡി.എഫ്. പ്രതിനിധികള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *