Breaking News

സ്‌കൂളിലെ കിണര്‍ വൃത്തിയാക്കാന്‍ ആളില്ല; അധ്യാപികമാര്‍ കിണറിലിറങ്ങി, അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കോഴിക്കോട്: സ്‌കൂള്‍ കിണര്‍ വൃത്തിയാക്കാന്‍ കിണറിലിറങ്ങി ചെളി കോരിക്കളഞ്ഞ അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ബാലുശ്ശേരി എരമംഗലം ഗവ.എല്‍.പി.എസിലെ സില്‍ജ, ധന്യ എന്നീ അധ്യാപികമാരാണ് സ്‌കൂളിലെ കിണര്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത് കിണര്‍ വൃത്തിയാക്കിയത്. പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണര്‍ വൃത്തിയാക്കാന്‍ അധ്യാപികര്‍ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് കിണറ്റില്‍ വെള്ളമില്ലെന്നത് അധ്യാപകര്‍ ശ്രദ്ധിച്ചത്. കിണര്‍ വൃത്തിയാക്കാന്‍ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന ബേജാറിനിടെയാണ് അധ്യാപികമാര്‍ തന്നെ കിണറിലിറങ്ങാന്‍ സന്നദ്ധരായത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ചില ത്യാഗങ്ങള്‍ക്ക് ബദല്‍ ഇല്ല. സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ഞാന്‍ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാന്‍ വീടുകളില്‍ എത്തിയത് മുതല്‍ സ്‌കൂള്‍ ശുചീകരണം വരെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ ചെയ്യുന്നത്.
സ്‌കൂള്‍ കിണറിലെ ചെളി നീക്കാന്‍ ആളെ കിട്ടാത്ത സാഹചര്യത്തില്‍ ബാലുശ്ശേരി എരമംഗലം ജി.എല്‍.പി.എസിലെ സില്‍ജ ടീച്ചറും ധന്യ ടീച്ചറും മറ്റൊന്നും ആലോചിച്ചില്ല. അവര്‍ കിണറില്‍ ഇറങ്ങി ശുചീകരിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണിത്.
നന്ദി അധ്യാപകരെ നന്ദി.
സ്‌നേഹം

Related posts

Leave a Reply

Your email address will not be published. Required fields are marked *