
ഇംഫാല്‍: മണിപ്പൂരില്‍ കുക്കികളും മെയ്ത്തികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര് കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം, മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും അമിത് ഷാ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഗവര്‍ണര്‍ അനുസൂയ ഉയികെ, മുഖ്യമന്ത്രി ബിരേന്‍ സിംഗ്, മറ്റ് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. സംഘര്‍ഷം നടക്കുന്ന ചില ജില്ലകളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കുമെന്നും സൂചനകളുണ്ട്.
ഇതിനിടെ, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറമാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നിട്ടുള്ളത്. കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ്മയാണ് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആണെന്ന് ആരോപിച്ച സംഘടന അദ്ദേഹം രാജി വയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിരപരാധികളായ ഗ്രാമീണരെ സംരക്ഷിക്കാന്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അവര്‍ അവശ്യപ്പെട്ടു.
എന്നാല്‍, നിലവിലെ സ്ഥിതിഗതികള്‍ കലാപമായി കാണേണ്ടതില്ലെന്നാണ് സംയുക്ത സൈനിക മേധവി അനില്‍ ചൗഹാന്റെ പ്രതികരണം. പ്രാഥമികമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ഇതൊരു ക്രമസമാധാന പ്രശ്നമാണെന്നും ജനങ്ങളുടെ ജീവന് രക്ഷിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
മണിപ്പൂരില്‍ ഈ മാസം ആദ്യം ആരംഭിച്ച സംഘര്‍ഷത്തിന് അയവ് വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. ഇതിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിലും ആക്രമണങ്ങളിലും ഒരു പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ കൊല്ലപ്പെട്ടു. അമിത് ഷായുടെ സന്ദര്‍ശത്തിന് മുന്നോടിയായി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ വ്യാപക തിരച്ചില്‍ നടത്തി ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചതോടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.
