
വർക്കല: വർക്കലയിലെ ഒരു കുടുംബത്തിലെ അഞ്ചുപേർ തീപിടിത്തത്തിൽ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം എങ്ങും എത്താത്തതിനെ തുടർന്ന് കുടുംബം ഒന്നരമാസം മുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഷോർട്ട് സർക്ട്ട് ആണ് അപകടകാരണം എന്ന വിലയിരുത്തൽ ആണ് പോലീസിന്റേതും ഫയർഫോഴ്സ് ന്റെതും. എന്നാൽ ഇലക്ട്രിക് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ഇത് പാടെ തള്ളുന്ന തരത്തിലുള്ള റിപ്പോർട്ട് ആണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. തൃപ്തികരമായ രീതിയിൽ മറ്റൊരു ഏജൻസി കേസ് അന്വേഷിക്കണം എന്നുള്ള വീട്ടുകാരുടെ ആവശ്യമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ എത്തി നിൽക്കുന്നത്.
ക്രൈം ബ്രാഞ്ച് എസ്പി സുനിൽ കുമാർ നേരിട്ടാണ് അന്വേഷണച്ചുമതല വഹിക്കുന്നത്. ക്രൈം ബ്രാഞ്ച് CI സജു കുമാറിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് പരിശോധന നടന്നത്. കേസ് ഏറ്റെടുത്തു 10 ദിവസത്തിനുള്ളിൽ നാലാം തവണയാണ് സംഘം പരിശോധനയ്ക്ക് എത്തുന്നത്. കേസ് അന്വേഷിച്ചിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിയുമെന്നും സംഭവം കഴിഞ്ഞു 10 മാസത്തോളം ആയ കേസ് ആയതുകൊണ്ട് തന്നെ കേസ് ഫയൽ വിശദമായി പഠിച്ചതിന് ശേഷം മാത്രമേ കൂടുതൽ വ്യക്തത വരുത്താൻ കഴിയുള്ളൂ എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. അന്വേഷണസംഘത്തോടൊപ്പം ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മരണപ്പെട്ട പ്രതാപൻ ഷേർളി ദമ്പതികളുടെ മുത്ത മകൻ രാഹുൽ എന്നിവരും ഉണ്ടായിരുന്നു.
2022 മാർച്ച് 8 തിയതി പുലർച്ചെ 1.45 ഓട് കൂടിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഗൃഹനാഥനായ പ്രതാപൻ , ഭാര്യ ഷേർളി , രണ്ടാമത്തെ മകൻ നിഹുൽ ന്റെ ഭാര്യ അഭിരാമി യും ഇവരുടെ 6 മാസം പ്രായമുള്ള റയാൻ, ഇളയമകൻ അഹിൽ എന്നിവർ പുക ശ്വസിച്ചു മരണപ്പെട്ടിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന രണ്ടാമത്തെ മകൻ നിഹുൽ ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

