Breaking News

ഗുരുദേവൻ കുഴിച്ചുമൂടിയ വർഗീയതയെയും ജാതീയതയെയും തിരിച്ചുകൊണ്ടുവരാൻ ശ്രമം -മന്ത്രി ആന്റണി രാജു

ശിവഗിരി : ഗുരുദേവൻ കുഴിച്ചുമൂടിയ വർഗീയതയെയും ജാതീയതയെയും തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമം ഇന്ന് രാജ്യത്താകെ നടക്കുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു. 89-ാമത് ശിവഗിരി തീർഥാടന സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. മതതീവ്രവാദികളും മതമൗലികവാദികളും മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ നമുക്ക് താങ്ങും തണലും പ്രത്യാശയുമാകുന്നത് ഗുരുദർശനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയശക്തികളെ കേരളമണ്ണിൽ പ്രോത്സാഹിപ്പിക്കുന്നത് ഏറ്റവുംവലിയ ഗുരുനിന്ദയായിരിക്കുമെന്ന് അധ്യക്ഷനായ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബിനോയ് വിശ്വം എം.പി., ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർഥാടനസെക്രട്ടറി സ്വാമി ഗുരുപ്രസാദ്, എം.ലിജു, ഹരിശങ്കർ, സൗത്ത് ഇന്ത്യൻ വിനോദ്, ഡോ.അഞ്ചയിൽ രഘു, കുറിച്ചി സദൻ എന്നിവർ സംസാരിച്ചു. സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, വി.ജോയി എം.എൽ.എ., മുൻ എം.എൽ.എ. വർക്കല കഹാർ, നഗരസഭാ ചെയർമാൻ കെ.എം.ലാജി എന്നിവർ സംബന്ധിച്ചു. തീർഥാടനത്തിന് മികച്ച ക്രമസമാധാനപാലനം ഒരുക്കാൻ നേതൃത്വം നൽകിയ വർക്കല ഡിവൈ.എസ്.പി. പി.നിയാസിനെ ആന്റണി രാജുവും വി.ഡി.സതീശനും ചേർന്ന് ആദരിച്ചു. മൂന്നുദിവസങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആയിരക്കണക്കിന് ഭക്തർ തീർഥാടനത്തിൽ പങ്കെടുത്തു. ശിവഗിരിയിലെ സ്ഥിരം സമ്മേളനപ്പന്തലിന്റെ പൂർത്തീകരണത്തിന് സഹായംനൽകാമെന്ന് ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലി അറിയിച്ചു. തീർഥാടനകലോത്സവവിജയികളെ അനുമോദിക്കുന്നതിനായുള്ള ഗുരുതീർഥ കലാപുരസ്കാരസമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനംചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *