

ബാലരാമപുരം ∙ അക്ഷരത്തെയും അറിവിനെയും വിശ്വാസവുമായി കൂട്ടിയിണക്കിയിരിക്കുന്ന അപൂർവ കാഴ്ചയാണ് വിഴിഞ്ഞം വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് 51 അക്ഷര ദേവീക്ഷേത്രത്തിൽ കാണാൻ കഴിയുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇത് കണ്ണിനും മനസ്സിനും ആനന്ദദായകമാണ്. വിജയദശമി ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ മലയാളത്തിലെ 51 അക്ഷരമാലയുടെ ക്രമത്തിൽ തയാറാക്കിയിരിക്കുന്ന ദേവീ വിഗ്രഹങ്ങൾ ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വൈകിട്ട് 4.30ന് ക്ഷേത്രത്തിൽ എത്തിയ ഗവർണറെ ഭാരവാഹികളായ എം.എസ്.ഭുവനചന്ദ്രൻ, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ, അഡ്വ.രാജീവ് രാജധാനി, കിളിമാനൂർ അജിത്, കോവളം സന്തോഷ് എന്നിവർ ചേർന്ന് പൂർണ കുംഭം നൽകിയും സ്ത്രീകളും കുട്ടികളും ചേർന്ന് താലപ്പൊലിയൊരുക്കിയുമാണ് സ്വീകരിച്ചത്. അരമണിക്കൂറോളം ക്ഷേത്രവും പരിസരവും അദ്ദേഹം ചുറ്റിനടന്നു കണ്ടു. ഇതിനിടെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ രണ്ട് വിദ്യാർഥികളെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആദരിച്ചു.
തുടർന്ന് ഒന്നര അടി ഉയരമുള്ള ഗണപതി വിഗ്രഹം ഉപഹാരമായി ഗവർണർക്ക് ക്ഷേത്രം അധികൃതർ സമ്മാനിച്ചു. മലയാളത്തിലെ സ്വരാക്ഷരങ്ങൾ രേഖപ്പെടുത്തിയ ഷാൾ വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും റിട്ട.ഐഎസ്ആർഒ ഉദ്യോഗസ്ഥൻ അജിത് കുമാറും ചേർന്ന് അണിയിച്ചു. ജനുവരിയിൽ നടക്കുന്ന അക്ഷരദേവീ പ്രതിഷ്ഠാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് ഗവർണർ അധികൃതരെ അറിയിച്ചു. രാവിലെ നടന്ന എഴുത്തിനിരുത്ത് ചടങ്ങിന് നിരവധിപേർ പങ്കെടുത്തു.
പള്ളിക്കൽ സുനിൽ, ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ എഴുത്തിനിരുത്തിന് നേതൃത്വം നൽകി. മൂന്ന് ഭാഷകളിലായാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നത്. ഒൻപത് ദിവസമായി നടന്നുവന്ന ദേവീഭാഗവത നവാഹ യജ്ഞത്തിന്റെ സമാപന ദിവസം കൂടിയായിരുന്നു ഇന്ന്.