Breaking News

ചിറയിൻകീഴ് താലൂക്കിൽ വ്യാപകനാശം

ആറ്റിങ്ങൽ : കനത്തമഴ ചിറയിൻകീഴ് താലൂക്കിൽ വ്യാപകനാശമുണ്ടാക്കി. എട്ടു വീടുകൾ തകർന്നു. കിഴുവിലം വില്ലേജിലെ പടനിലം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. പഞ്ചായത്തിലെ 18, 19 വാർഡുകളിലെ 18 കുടുംബങ്ങളെ ഈ ക്യാമ്പിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ കുന്നുവാരം യു.പി. സ്കൂൾ ക്യാമ്പിനായി സജ്ജമാക്കി. താലൂക്കിലെ താഴ്ന്നപ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിൽ വെള്ളംകയറി. കാർഷികമേഖലയിൽ വൻനഷ്ടമുണ്ടായിട്ടുണ്ട്. വാമനപുരം ആറ് കരകവിഞ്ഞതാണ് നാശത്തിനിടയാക്കിയിട്ടുള്ളത്. ആലംകോട് മണ്ണൂർഭാഗത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ഫാമിൽ വൻനാശമാണുണ്ടായത്. പൂവമ്പാറ വിജയനിവാസിൽ ശിവദാസൻ-വിജയകുമാരി ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വില്പനയ്ക്കായി വളർത്തിയിരുന്ന 1500 മുട്ടക്കോഴികൾ, ഒരു കുതിര, രണ്ട് കുട്ടികളുൾപ്പെട ആറ് ആട്, 200 താറാവ് എന്നിവയാണ് ഫാമിലുണ്ടായിരുന്നത്. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കുതിരയെയും ആടുകളെയും രക്ഷിച്ചു. താറാവുകളെ തുറന്നുവിട്ടു. കോഴികൾ മുഴുവനും മുങ്ങിച്ചത്തു. രണ്ട് ആട്ടിൻകുട്ടികളെ കാണാതായി. മൂന്നുലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഉടമകൾ പറയുന്നു. ഫാമിലെ ഷെഡ്ഡുകളുൾപ്പെടെ പൂർണമായും വെള്ളത്തിനടിയിലാണ്. അഞ്ചടിയിലധികം ഉയരത്തിൽ ഇവിടെ വെള്ളം കയറിയിട്ടുണ്ട്.

കൊട്ടിയോട് പ്രദേശത്തെ നിരവധി വീടുകൾ വെള്ളപ്പൊക്കഭീഷണിയിലാണ്. പല വീട്ടുകാരും ബന്ധുവീടുകളിലേക്ക്‌ മാറി. കരിമ്പുവിളവീട്ടിൽ അനിൽകുമാറിന്റെ വീട്ടിലും തൊഴുത്തിലും വെള്ളം കയറി. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് സാധനങ്ങളെല്ലാം സമീപത്ത് താമസിക്കുന്ന ജ്യേഷ്ഠൻ രാജുവിന്റെ വീടിന്റെ ടെറസിലേക്ക്‌ മാറ്റി. വീട്ടുകാരും ഈ ടെറസിലാണ് കഴിയുന്നത്. രാജുവിന്റെ വീടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊല്ലമ്പുഴയിൽ വാമനപുരം ആറ്റിൻതീരത്തുള്ള കുട്ടികളുടെ പാർക്കിന് ചുറ്റും വെള്ളംകയറി. ഇവിടെ ആറ് കരകവിഞ്ഞതിനെത്തുടർന്ന് കടവിലേക്കിറങ്ങുന്ന ഭാഗത്ത് അധികൃതർ കയർകെട്ടി. മീമ്പാട്ട് പ്രദേശത്തും വെള്ളംകയറി. നെൽക്കതിരുകൾ വരെ വെള്ളത്തിൽ മുങ്ങിക്കിടപ്പാണ്. ഈ ഭാഗത്തും നിരവധി വീടുകൾ വെള്ളപ്പൊക്കഭീഷണിയിലാണ്. കരിച്ചയിൽ, പനവേലിപ്പറമ്പ് എന്നീ പ്രദേശങ്ങളിലും തിങ്കളാഴ്ച രാത്രിയിൽ വെള്ളം കയറി. ഇവിടെയെങ്ങും വീടുകൾക്ക് നാശമുണ്ടായിട്ടില്ല. കൃഷിയിടങ്ങളിൽ വെള്ളം കയറിയത് ഈ മേഖലയിൽ വൻ നഷ്ടത്തിനിടയാക്കിയിട്ടുണ്ട്. നെൽക്കൃഷി കൂടാതെ വാഴ, മരച്ചീനിയുൾപ്പെടെയുള്ള കിഴങ്ങുവർഗവിളകൾ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. ഇവയുടെ നഷ്ടമെത്രയെന്ന് വരുംദിവസങ്ങളിലേ വ്യക്തമാകൂ. കിണറുകളും കുളങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഇതു പലയിടത്തും അപകടഭീഷണി ഉയർത്തുന്നുണ്ട്. പൊതുജനങ്ങൾ ജലാശയങ്ങൾക്കു സമീപത്തേക്ക്‌ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഒ.എസ്.അംബിക എം.എൽ.എ., നഗരസഭാധ്യക്ഷ എസ്.കുമാരി, ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും തഹസീൽദാർ ആർ.മനോജിന്റെ നേതൃത്വത്തിലുള്ള റവന്യുസംഘവും പ്രശ്നബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ്ച താലൂക്കിൽ മഴ വളരെക്കുറവായിരുന്നു. എങ്കിലും വെള്ളമിറങ്ങാൻ തുടങ്ങിയിട്ടില്ല. മലോയരമേഖലയിൽ ശക്തമായി മഴ പെയ്യുന്നതിനാൽ ആറ്റിൽ ജലനിരപ്പ് അൽപംപോലും താഴ്ന്നിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *