

വർക്കല: പുത്തൻചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപം ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ എതിർ ദിശയിൽ നിന്നും ബൈക്കിലെത്തിയ ഇരുവർ സംഘം തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു .ഇന്ന് വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം. വെട്ടൂർ അരിവാളം വയലിൽ വീട്ടിൽ കാഫിൽ മകൻ ആസാദിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഗുണ്ടാ കുടിപകയുടെ ഭാഗമായാണ് ആക്രമണം നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാവിനെയാണ് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ബൈക്കിലെത്തിയ സഹോദരങ്ങളായ ഷൈജുവും, മാഹിനുമാണ് വാൾ ഉപയോഗിച്ച് എതിരാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. മുൻവൈരാഗ്യവും കുടിപകയും ആണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. മാസങ്ങൾക്ക് മുൻപ് ഷൈജുവിനെ ആസാദ് വെട്ടി പരിക്കേല്പിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ ആണ് സഹോദരൻ ആയ മാഹിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. 12 ഓളം വെട്ടുകൾ ആണ് ആസാദിന്റെ ശരീരത്തിൽ ഉള്ളത്. ആസാദിന്റെയും ദൃക്സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഷൈജു മാഹിൻ എന്നിവർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. വർക്കല ഡി വൈ എസ്.പി ബാബുകുട്ടന്റെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.