

വർക്കല : കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ശിവഗിരിയിൽ എത്തി ബ്രഹ്മശ്രീ പ്രകാശനന്ദ സ്വാമിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധനന്ദ സ്വാമിയെയും സെക്രട്ടറി സാന്ദ്രനന്ദ സ്വാമിയെയും നേരിൽ കണ്ട് ദുഃഖം പങ്കുവച്ചു.
ശിവഗിരിയിൽ വരുമ്പോഴെല്ലാം കാണുന്ന സൗമ്യതയുടെ മുഖമാണ് പ്രകാശാനന്ദ സ്വാമിയുടേത് . മഠത്തിലെ കാര്യങ്ങൾ വളരെ പതുക്കെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതം വളരെ ആകർഷണീയമാണെന്നും, അറിവിന്റെ നിറകുടമായിരുന്നു പ്രകാശാനന്ദ സ്വാമിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ശിവഗിരി മഠത്തിനും കേരളത്തിലെ ആധ്യാത്മിക രംഗത്തും തീരാനഷ്ടമാണ് സ്വാമിയുടെ സമാധി . പൊതുപ്രവർത്തന രംഗത്ത് ഒരുപാട് ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വാമിജി തന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമിച്ചു. പ്രകാശാനന്ദ സ്വാമിജിയില്ലാത്ത ശിവഗിരിയിൽ ഞാൻ ആദ്യമായിട്ടാണ് വരുന്നതെന്നും, സ്വാമിജിയുടെ ഓർമ്മകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും കെ സുധാകരൻ പറഞ്ഞു.


ശിവഗിരി സമാധിപറമ്പിലെ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ എത്തി കൈകൂപ്പി പ്രാർത്ഥിച്ചു. മുൻ എം എൽ എ വർക്കല കഹാർ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ആലപ്പുഴ മുൻ ഡി സി സി പ്രസിഡന്റ് ഷുക്കൂർ, അഡ്വ സുരേഷ് തുടങ്ങി കോണ്ഗ്രസ് നേതാക്കൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു