
ന്യൂഡല്‍ഹി: പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതൊരു പൗരനും അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി. ഭീഷണിക്ക് വഴങ്ങിയോ, പ്രലോഭനത്തിന് വഴങ്ങിയോ, പ്രതിഫലമോ പാരിതോഷികമോ കൈപ്പറ്റിയോ നടക്കുന്ന നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ തടയാന്‍ നിര്‍്‌ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.
മതം പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി വിമര്‍ശിച്ചു. പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹര്‍ജിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കനത്ത പിഴ ചുമത്തും എന്ന് കോടതി വ്യക്തമാക്കിയതോടെ ആണ് അശ്വനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ദുര്‍മന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗം ആയി നടത്തുന്ന ആഭിചാര ക്രീയകള്‍ എന്നിവ നിയന്ത്രിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കും എന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു.