
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി)നെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഇ.ഡി ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കേസ്. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ വേണ്ടി ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇ.ഡിക്കെതിരെ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സ്വപ്‌നയടക്കം 18 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസെടുക്കാമെന്ന സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സിക്കെതിരെ കടുത്ത നടപടിയിലേക്ക് ക്രൈംബ്രാഞ്ച് കടന്നിരിക്കുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ചില ഉന്നതരുടെ പേര് പറയാന്‍ സ്വപ്‌നയെ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് വനിതാ പോലീസുകാര്‍ സ്വപ്‌നയുടെ ഫോണ്‍ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇ.ഡിക്കെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാണ്് ഇവര്‍ മൊഴി നല്‍കിയത്.
ഇതുസംബന്ധിച്ച തുടരന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റുഭാഗത്തുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. അതേസമയം, കേസ് നിയമപരമായി നേരിടുമെന്ന് ഇ.ഡി പ്രതികരിച്ചു.