
ന്യൂഡല്‍ഹി: നോട്ട വോട്ടിന് കരുത്തേകുന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ഒരു നിയോജക മണ്ഡലത്തില്‍ നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളെ നിരസിക്കുന്നത് നിയമപരമായി അനുവദിക്കാമോയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും ഇലക്ഷന്‍ കമ്മീഷനോടും ആരാഞ്ഞു.
അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ സുപ്രീകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചിന്റെ ചോദ്യം. എന്നാല്‍, അത് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റ്, അസംബ്ലി രൂപീകരണ വേളകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി.
നിലവില്‍ നോട്ട വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് മുന്നില്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ നോട്ട സംവിധാനം പ്രേരിപ്പിക്കുന്നതായി കരുതാനും പറ്റില്ല. ഒരു നിയോജക മണ്ഡലത്തില്‍ നോട്ട ഒന്നാമതെത്തിയാല്‍ ആ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തുന്ന സാഹചര്യം ഉണ്ടായാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കും-ഉപാധ്യായക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി കോടതിയില്‍ വാദിച്ചു.
നിലവിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ഇത് ചില വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മേനക ഗുരുസ്വാമിയുടെ വാദത്തിന് മറുപടിയായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പല നിയോജക മണ്ഡലങ്ങളിലും നോട്ട വോട്ട് രേഖപ്പെടുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് സങ്കല്‍പിക്കുക. അത് പല നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിക്കാന്‍ ജനപ്രതിനിധിയില്ലാത്ത അവസ്ഥയുണ്ടാക്കും. രാജ്യത്തെ ഭരണനിര്‍വ്വഹണ സംവിധാനത്തെ ഇത് ദോഷകരമായി ബാധിക്കും-ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
നോട്ട ഒന്നാമതെത്തിയാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളെയും നിരസിക്കുന്നത് സംശുദ്ധരായ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കും. അത് രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തെ തടയാന്‍ സഹായിക്കും-മേനക ഗുരുസ്വാമി കോടതിയെ ബോധിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നോട്ടയ്ക്ക് ഭൂരിപക്ഷം വോട്ടുകള്‍ ലഭിച്ചാല്‍ ആ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും വേണം. അസാധുവായ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയും അരുത്. അത്തരമൊരു നിയമം വന്നാല്‍ അത് രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും വര്‍ഗ്ഗീയ താല്‍പര്യങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും-ഹര്‍ജിക്കാരന്‍ വാദിച്ചു.
ജനാധിപത്യം നിലനിര്‍ത്താന്‍ ഏറ്റവും മികച്ച, കളങ്കമറ്റ, ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കേണ്ട് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പില്‍ പോസിറ്റീവ് വോട്ടിന് വിജയിക്കുന്ന ഉയര്‍ന്ന ധാര്‍മ്മിക മൂല്യമുള്ളവരിലൂടെ ഇത് മികച്ച രീതിയില്‍ നേടാനാകും. അങ്ങനെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍, വോട്ടര്‍ക്ക് നോട്ട തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം, ഇത് രാഷ്ട്രീയ പാര്‍ട്ടികളെ മികച്ച സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രേരിപ്പിക്കും-സുപ്രീംകോടതി നിരീക്ഷിച്ചു.
നിലവിലെ നിയമം അനുസരിച്ച് ഒരു നിയോജക മണ്ഡലത്തില്‍ നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചാല്‍, പോള്‍ ചെയ്യപ്പെട്ട പോസിറ്റീവ് വോട്ടുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. 2013 ഓഗസ്റ്റ് 29 നാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ചുരുക്കത്തില്‍ നോട്ടയ്ക്ക് ലഭിക്കുന്ന വോട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നര്‍ത്ഥം.
പ്രാബല്യത്തില്‍ വന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോട്ട വോട്ടിന് കരുത്തുപകരുന്ന ചോദ്യം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ലോക്സഭയിലേക്കും അസംബ്ലികളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പിന് മാത്രമേ നെഗറ്റീവ് വോട്ട് ഓപ്ഷന്‍ ബാധകമാകൂവെന്ന് 2018 ഓഗസ്റ്റ് 21 ന് സുപ്രീംകോടതി രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളില്‍ നോട്ട ഓപ്ഷന്‍ നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ട് പറഞ്ഞിരുന്നു.