
കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകള്‍ മരവിപ്പിച്ച് കേരള ഹൈക്കോടതി ഉത്തരവ്. ഇതുവരെ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് കോടതി ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. ഹര്‍ജിയില്‍ വിശദമായ വാദം കോടതി 12-ാം തീയതി കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്.
ആകെ ആറ് ഹര്‍ജികളാണ് ഈ വിഷയത്തില്‍ കോടതി പരിഗണിച്ചത്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയും ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.
സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ പുറത്തുനില്ക്കുമ്പോള് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പരാതി.