Breaking News

ഇ.ശ്രീധരനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ

ന്യൂഡല്‍ഹി: ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. ഇ.ശ്രീധരന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത അദ്ദേഹം ഇ.ശ്രീധരന്‍ രാജ്യത്തിന്റെ മുഴുവന്‍ സ്വത്താണെന്നും തികഞ്ഞ പ്രഫഷണലും
മികച്ച എഞ്ചിനീയറുമാണെന്നും ട്വീറ്റ് ചെയ്തു.
ഇ.ശ്രീധരനെ പോലെ മികവുറ്റ വ്യക്തിത്വങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയരംഗം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. എന്നാല്‍, മിലിന്ദ് ദേവ്‌റയുടെ ട്വീറ്റ് വിവാദമായി തുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പും മിലിന്ദ് ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയപ്പോള്‍ അരവിന്ദ് കെജ്‌രിവാളിനെ പ്രശംസിച്ചത് കോണ്‍ഗ്രസിനകത്ത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
സ്വന്തം സംസ്ഥാനത്തും മണ്ഡലത്തിലും മിലിന്ദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നായിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചത്. താങ്കള്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കൂ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞത്. പിന്നാലെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മിലിന്ദ് രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *