
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം. ഡല്‍ഹി പോലീസുമായി ഉണ്ടാക്കിയ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം 5 അഞ്ചുമണിക്കൂര്‍ റാലിയെന്ന ധാരണ ലംഘിച്ചുകൊണ്ടാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്.
പലയിടത്തും പോലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവുയുദ്ധത്തിന്റെ പ്രതീതിയുളവാക്കി. കണ്ണീര് വാതകം പ്രയോഗിച്ചിട്ടും പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. സമരക്കാരും ചെറുത്തുനിന്നതോടെ തലസ്ഥാന നഗരം യുദ്ധക്കളമായി.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കിയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോയത്. ട്രാക്ടറിലെത്തിയ പ്രതിഷേധക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.
പോലീസുമായി ഉണ്ടാക്കിയ ധാരണ റിപ്പബ്ലിക് ദിന പരേഡിന് ശേഷം 12 മണിയോടെ റാലി നടത്തുമെന്നായിരുന്നു. എന്നാല്‍ ധാരണകളെല്ലാം കാറ്റില്പറത്തിക്കൊണ്ട് എട്ടു മണിയോടെ ടാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ ഇടിച്ചുമാറ്റിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു.
ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര് വാതകം പ്രയോഗിച്ചത്. കര്‍ഷര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കര്‍ഷകര്‍ വീണ്ടും സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു. കാല്‍നടയായും ആയിരക്കണക്കിന് കര്‍ഷകര്‍ റാലിയെ അനുഗമിക്കുന്നുണ്ട്.