
തിരുവനന്തപുരം: ബുറൈവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളതീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് തീരംതൊടുന്നതെന്നാണ് പ്രവചനം. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് സൂചന.
മണിക്കൂറില്‍ 90 കി.മീ മുതല്‍ 95 കി.മീ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇതിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധനം പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു, പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവയും ഫിഷറീസ്, ജലസേചന, വൈദ്യുതി വകുപ്പുകളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം.
സാധാരണഗതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ഗതിയില്‍നിന്ന് വ്യത്യസ്തമായാണ് ബുറൈവിയുടെ സഞ്ചാരപഥം. അതുകൊണ്ടുതന്നെ പ്രവചാനീതമാണ് ബുറൈവിയുടെ സ്വഭാവം. ബുറൈവി ദുര്‍ബലപ്പെടാനും ശക്തിപ്പെടാനും ഒരുപോലെ സാധ്യതയുണ്ട്.