ജയകൃഷ്ണ ലക്ഷ്മി

ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഇനി വയ്യ! എന്നൊരു പ്രയോഗമുണ്ട് കേരളക്കരയില്‍. അത്തരമൊരവസ്ഥയിലാണ് ഇന്ന് സി.പി.എം സംസ്ഥാന നേതൃത്വം ചെന്നുപെട്ടിരിക്കുന്നത്. കെ.എസ്.എഫ്.ഇ-യില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ഈ വൈകിയ വേളയില്‍ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാട് അതിന് വ്യക്തമായ തെളിവാണ്. ഒന്നിനു പുറകേ മറ്റൊന്നായി വിവാദങ്ങളുടെ പരമ്പര തന്നെ പാര്‍ട്ടിയെ വേട്ടയാടുന്ന സാഹചര്യത്തില്‍ കെ.എസ്.എഫ്.ഇ എന്ന പൊന്മുട്ടയിടുന്ന താറാവിനെ തൊട്ടപ്പോഴാണ് സി.പി.എം യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് ഇറങ്ങിവന്നത്.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാത്സവ സ്വീകരിച്ചിരിക്കുന്നതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിമര്‍ശനം. ശ്രീവാത്സവ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവ് കൂടിയാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. പോലീസ് ഉപദേഷ്ടാവ് സ്ഥാനത്ത് അവരോധിക്കപ്പെടുന്നതിന് മുമ്പും അദ്ദേഹം ഇതേ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. സി.പി.എം നേതൃത്വം ഇപ്പോള്‍ തുറന്നു നോക്കിയ ‘വെളിപാടിന്റെ പുസ്തകം’ നേരത്തെ നോക്കിയിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ആഭ്യന്തര വകുപ്പ് കാരണം ഉണ്ടായ നാണക്കേടെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് സാരം.
കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ചത് വെറുതേക്കാരൊന്നുമല്ല. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമാണ്. ഇതില്‍ ആനത്തലവട്ടം ആനന്ദന്റെ വാക്കുകള്‍ക്ക് ഒരല്പം പരിഗണന കൂടുതല്‍ നല്‍കേണ്ടതുണ്ട്. കാരണം മന്ത്രിസഭയ്ക്ക് പുറത്തുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. മകന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കരയ്ക്കിരുന്ന് കളി കാണേണ്ട അവസ്ഥയുണ്ടായത് ആനത്തലവട്ടം ആനന്ദന് ഒരു ചാനല്‍ ചര്‍ച്ചയില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചതോടെയാണ്.
കെ.എസ്.എഫ്.ഇയിലെ റെയ്ഡും തുടര്‍ന്നുള്ള വിവാദങ്ങളും പാര്‍ട്ടി അതീവ ഗൗരവമായാണ് കാണുന്നത്. കാരണം അത്രമേല്‍ ജനകീയമായ ഒരു ധനകാര്യ പ്രസ്ഥാനമാണ് കെ.എസ്.എഫ്.ഇ. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പോലും വലിയ സ്വാധീനം ചെലുത്താന്‍ കെ.എസ്.എഫ്.ഇയ്ക്ക് സാധിച്ചിട്ടുണ്ട്. കല്യാണത്തിനും വീട് നിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും സ്വയംതൊഴിലിനും എന്നുവേണ്ട കേരള ജനതയ്ക്ക് സാമ്പത്തികമായ താങ്ങും തണലുമാണ് കെ.എസ്.എഫ്.ഇ. അതുകൊണ്ടുതന്നെ കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യതയ്ക്ക് കോട്ടംസംഭവിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതമായിരിക്കുമെന്ന തിരിച്ചറിവും പാര്‍ട്ടിക്കുണ്ട്.
കെ.എസ്.എഫ്.ഇ-യിലെ റെയ്ഡ് മാത്രമല്ല, പോലീസ് നിയമ ഭേദഗതി(118 എ) നടപ്പാക്കാന്‍ ശ്രമിച്ച് നാണംകെടേണ്ടി വന്നതിന്റെ പിന്നിലും രമണ്‍ ശ്രീവാത്സവയാണെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നു. പോലീസ് നിയമ ഭേദഗതി നടപ്പാക്കിയതില്‍ പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിക്കുപോലും അവസാനം സമ്മതിക്കേണ്ട അവസ്ഥയുണ്ടായി. ഡി.ജി.പിയും ഉപദേഷ്ടാവും ചേര്‍ന്നാണ് പോലീസ് വകുപ്പ് ഭരിക്കുന്നതെന്ന ആക്ഷേപവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുകൂടിയാണ് പാര്‍ട്ടി രമണ്‍ ശ്രീവാത്സവയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നത്.
എന്നാല്‍, രമണ്‍ ശ്രീവാത്സവ എന്ന പോലീസ് ഉപദേഷ്ടാവില്‍നിന്ന് പാര്‍ട്ടി നേതൃത്വത്തിന് പിണറായി വിജയന് എന്ന മുഖ്യമന്ത്രിയിലേക്കെത്താന്‍ അധികാ ദൂരമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യങ്ങളുടെ പോക്ക് അങ്ങോട്ടേക്കാണ് വിരല്‍ചൂണ്ടുന്നത്. പിണറായി വിജയന് എന്ന ശക്തനായ നേതാവിന്റെ പാര്‍ട്ടിയിലെ അപ്രമാദിത്വമാണ് രമണ്‍ ശ്രീവാത്സവയിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. ഇടതുപക്ഷ ഭരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിരീക്ഷണത്തില്‍ അല്ലാതെ ഒരു മുഖ്യമന്ത്രിയെന്നത് സി.പി.എമ്മിന്റെ ചരിത്രത്തില്‍തന്നെ ഒരു പുതുമയാണ്. അച്യുതാനന്ദന് എന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ‘എലിയെ പിടിക്കുന്ന പൂച്ചകളെയും’ പാര്‍ട്ടി വരുതിയില്‍ നിര്‍ത്തിയത് കേരള ജനത കണ്ടറിഞ്ഞതാണ്.
ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്ത ഒരു നേതാവിന് സംഭവിച്ച സ്വാഭാവികമായ അപചയമാണ് ജനമധ്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒന്നടങ്കം ഇത്രയേറെ അപഹാസ്യമാക്കിയതെന്ന് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. മുത്തൂറ്റ് ഗ്രൂപ്പ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവിനെ തന്നെ തൊട്ടാല്‍ കൈപൊള്ളുന്ന ഒരു വകുപ്പിന്റെ ഉപദേഷ്ടാവാക്കിയ സമയത്തുപോലും പാര്‍ട്ടിക്ക് നിശബ്ദത പാലിക്കേണ്ടി വന്നത് പിണറായി വിജയന് പാര്‍ട്ടിയിലുള്ള ശക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്. സ്പ്രിംഗ്ളറില് തുടങ്ങി അഴിമതി ആരോപണങ്ങളും വിവാദങ്ങളും മലവെള്ളപ്പാച്ചില്‍പോലെ വന്നിട്ടും പിണറായി വിജയന് ശക്തമായ പിന്തുണ നല്കിയ പാര്‍ട്ടി നേതൃത്വമാണ് ഇപ്പോള്‍ വിമര്‍ശനത്തിന്റെ പാതയിലേക്ക് വന്നിട്ടുള്ളത്.
ധനമന്ത്രി തോമസ് ഐസക്കിന്റെ ഇന്നലത്തെ പ്രതികരണവും നല്കുന്ന സൂചന അതാണ്. തനിക്ക് ഇനി പറയാനുള്ളത് ഇലക്ഷന് കഴിഞ്ഞ ശേഷം പാര്‍ട്ടിക്കുള്ളില്‍ പറയാം എന്നാണ് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ കേള്‍ക്കാനും വിജിലന്‍സ് റെയ്ഡിന്റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും പാര്‍ട്ടി തയാറാവും എന്ന് ഐസക് ഉറച്ച് വിശ്വസിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ പിണറായിയെ പിന്തുണച്ച് രംഗത്ത് വന്നുവെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലവും പിണറായി വിജയന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാവും. സംസ്ഥാനത്ത് തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പിണറായിയുടെ ഭരണത്തിന് കേരള ജനതയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തന്നെയാണ്. ആ പ്രോഗ്രസ് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമാകുമോയെന്ന് ഇപ്പോള്‍ ഇടതുപക്ഷ മുന്നണി സംശയിക്കുന്നുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍നിന്ന് സംസ്ഥാനത്ത് ഇടതുപക്ഷ ഭരണത്തിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രി അകന്നുനില്ക്കുന്നത് അതിന് തെളിവാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അതിന്റെ കാരണങ്ങള്‍ പാര്‍ട്ടിയുടെ താഴേത്തട്ടുവരെ തലനാരിഴ കീറി പരിശോധിക്കപ്പെടും. അവിടങ്ങളിലൊക്കെ പഴികേള്‍ക്കേണ്ടി വരിക സംസ്ഥാന ഭരണത്തിലെ പിടിപ്പുകേടുകളും അതിന് നേതൃത്വം നല്കിയവരുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ മുമ്പ് ശിവശങ്കറിനെയും ഇപ്പോള്‍ ശ്രീവാത്സവയെയുമൊക്കെ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച പിണറായി വിജയന് അതിനൊക്കെയും പാര്‍ട്ടി നേതൃത്വത്തോട് ഉത്തരം പറയേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് തിരിച്ചടി നേരിട്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം-പോലീസ് ഉപദേഷ്ടാവില്‍നിന്ന് പിണറായി വിജയനിലേക്ക് അധിക ദൂരമുണ്ടാവില്ല.