
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് ആക്രമിച്ചുവെന്ന് പരാതി. തിരുവനന്തപുരത്തു ലോണ്‍ഡ്രിങ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിവരുന്ന തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ലോറന്‍സാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്നാണ് പരാതി.
ലോറന്‍സ് ബിനീഷുമായി പണമിടപാട് നടത്തിയിരുന്നയാളാണ്. എന്നാല്‍, പിന്നീട് ബിനീഷുമായി ലോറന്‍സ് തെറ്റിപ്പിരിയുകയായിരുന്നു.
തന്നെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ ഇപ്പോള്‍ സ്വന്തമായാണ് ബിസിനസ് നടത്തുന്നത്. മണികണ്ഠന്‍ ബിനീഷിന്റെ ബിനാമിയാണെന്നും തനിക്ക് സംശയമുണ്ട്. മാത്രമല്ല, ബിനീഷിന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തനിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം.
അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് പറഞ്ഞ് തന്നെ ആക്രമിക്കുന്നതെന്നും ലോറന്‍സ് പരാതിയില്‍ വിശദമാക്കുന്നു. അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും പരാതിയിലുണ്ട്.