Breaking News

എന്‍.ഡി.എയില്‍ പിളര്‍പ്പ് സൃഷ്ടിക്കാന്‍ മഹാസഖ്യം: ലക്ഷ്യം അധികാര നേട്ടം

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്‌

പട്ന: ഭൂരിപക്ഷം നഷ്ടമായെങ്കിലും ബിഹാറില്‍ അധികാരം പിടിക്കാന്‍ മഹാസഖ്യത്തിന്റെ നീക്കം. 125 സീറ്റ് നേടി കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എയില്‍ പിളര്‍പ്പ് സൃഷ്ടിച്ച് ചെറുപാര്‍ട്ടികളെ കൂടെനിര്‍ത്തി അധികാരം പിടിക്കുക എന്ന തന്ത്രമാണ് ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം പയറ്റുന്നത്.
110 സീറ്റുകളുള്ള മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം നേടാന്‍ 12 സീറ്റുകള്‍ കൂടിയാണ് വേണ്ടത്. നേരത്തെ തങ്ങളുടെ ഘടകകക്ഷികളായിരുന്ന വി.ഐ.പി, എച്ച്.എ.എം എന്നീ പാര്‍ട്ടികളെ എന്‍.ഡി.എയില്‍നിന്ന് അടര്‍ത്തിയെടുക്കാനാണ് മഹാസഖ്യം നീക്കം നടത്തുന്നത്.
വി.ഐ.പിയും എച്ച്.എ.എമ്മും നാല് വീതം സീറ്റുകള്‍ നേടിയിട്ടുണ്ട്. ഈ എട്ട് സീറ്റുകള്‍ക്കൊപ്പം അസ്ഹറുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെയും കൂടെ ചേര്‍ത്താല്‍ കേവല ഭൂരിപക്ഷം നേടാന്‍ മഹാസഖ്യത്തിനാകും. അതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വി.ഐ.പിക്കും എച്ച്.എ.എമ്മിനും എന്‍.ഡി.എ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന് ആര്‍.ജെ.ഡി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എച്ച്.എ.എം നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ വി.ഐ.പി നേതാവ് മുകേഷ് സാഹിനിയും എച്ച്.എ.എം നേതാവ് ജിതന്‍ റാം മാഞ്ചിയും മഹാസഖ്യത്തിന്റെ വാഗ്ദാനം തള്ളിയെന്നാണ് സൂചന. ആര്‍ജെഡിയുടെ നീക്കം വിഐപി വ്യത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും മുന്നണി മാറ്റത്തിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എച്ച്.എ.എമ്മും മഹാസഖ്യത്തിന്റെ വാഗ്ദാനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ നേരിട്ട അപമാനം മറന്നിട്ടില്ലെന്നും മുന്നണി മാറ്റത്തിന് സാധ്യതയില്ലെന്നുമാണ് ഇതിനോട് പ്രതികരിച്ചത്. എന്‍.ഡി.എയില്‍ തങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുമെന്ന് കരുതുന്നതായും എച്ച്.എ.എം നേതൃത്വം പറഞ്ഞു.
എന്നാല്‍, എന്‍.ഡി.എ അധികാരത്തില്‍ വരാതിരിക്കാന്‍ ഏത് കൂട്ടുകെട്ടിനും തയാറാണെന്നാണ് എ.ഐ.എം.ഐ.എം നേതാവ് അസ്ഹറുദ്ദീന്‍ ഉവൈസിയുടെ പ്രതികരണം. എന്നാല്‍ ഉവൈസിയുടെ മാത്രം പിന്തുണകൊണ്ട് അധികാരം പിടിക്കാന്‍ മഹാസഖ്യത്തിന് സാധിക്കില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *