Breaking News

ബാര്‍കോഴ: ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് നടപടി തുടങ്ങി

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമയായ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ബാര്‍കോഴ വിവാദം വീണ്ടും ചര്‍ച്ചാവിഷയമാകും.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ഒരു കോടി രൂപ ചെന്നിത്തയ്ക്കും 50 ലക്ഷം മുന്‍ മന്ത്രി കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനും നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
ഇക്കാര്യത്തില്‍ രഹസ്യാന്വേഷണം നടത്തിയ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടി ഫയല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ഫയല്‍ സര്‍ക്കാര്‍ അന്വേഷണ അനുമതിക്കായി ഗവണര്‍ക്കും കൈമാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെയുള്‍പ്പെടെ ചോദ്യംചെയ്യേണ്ടതിനാലാണ് ഗവര്‍ണറുടെ അനുമതി തേടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് സര്‍ക്കാര്‍ ബാര്‍കോഴ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ആരോപണത്തില്‍ നിന്നു പിന്‍മാറാന്‍ ജോസ്.കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.
ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നത്. കോവിഡ് മുക്തനായി തിരികെവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *