Breaking News

വിജയം സ്വയം പ്രഖ്യാപിച്ചു: ഫലത്തില്‍ ക്രമക്കേട്; കോടതിയില്‍ പോകുമെന്നും ട്രംപ്

ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊമാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും അതിനെതിരെ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. വിജയം തനിക്കൊപ്പമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ആദ്യം രംഗത്തെത്തിയത് ബൈഡനായിരുന്നു. പിന്നാലെ പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണരുതെന്നും താന്‍ വിജയിച്ചുകഴിഞ്ഞുവെന്നും അവകാശപ്പെട്ട് ട്രംപും രംഗത്തെത്തി.
പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണി തീരേണ്ടതുണ്ടെങ്കിലും ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്നാണ് ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നുവെന്ന് പറഞ്ഞ ട്രംപ് പിന്തുണച്ചവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇലക്ടറല്‍ വോട്ടില്‍ ബൈഡനാണ് മുന്നിലാണെങ്കിലും ഏറെ നിര്‍ണായകമായ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ട്രംപ് വിജയം ഉറപ്പിച്ചതോടെ ട്രംപ് കുതിച്ചുകയറുന്ന കാഴ്ചയാണ്. തുടക്കത്തില്‍ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങി. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാര്‍ട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി, സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *