Breaking News

ബിജെപി സംസ്ഥാന ഘടകത്തില്‍ ഭിന്നത: പൊട്ടിത്തെറിച്ച് പി.എം.വേലായുധന്‍

പി.എം.വേലായുധന്‍, കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമാവുന്നു. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എം.വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് പദവിയിലെത്താന്‍ പിന്തുണച്ച തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചുവെന്ന് പറഞ്ഞ് ആരോപിച്ച പി.എം.വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപൊട്ടുകയും ചെയ്തു.
‘മക്കള്‍ വളര്‍ന്ന് അവരൊരു നിലയിലെത്തുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളിലിരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ നിരന്തരം ഫോണില്‍ വിളിച്ചത്. അദ്ദേഹം ഫോണെടുത്തില്ല. ഈ നിമിഷം വരെ അദ്ദേഹം എന്നെ തിരിച്ച് വിളിച്ചിട്ടുമില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്’-ഇങ്ങനെയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനെതിരെ പരസ്യമായി വിമര്‍ശമുയര്‍ത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോള്‍ നേതാക്കളുടെ പരസ്യ പ്രതികരണത്തിലെത്തിയത്. തങ്ങളുടെ പരാതി ദേശീയ നേതൃത്വത്തില്‍ മുന്നിലെത്തുന്നത് വി.മുരളീധരന്‍ തടയുന്നുണ്ടെന്ന വിമര്‍ശനവും ശോഭാ സുരേന്ദ്രനടക്കമുള്ളവര്‍ക്കുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *