
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ നല്‍കുന്നത് പരസ്പര വിരുദ്ധമായ മൊഴികള്‍. അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി കുറ്റപത്രത്തില്‍ അവ്യക്തത വരുത്താനായാല്‍ അതിന്റെ ആനുകൂല്യം കോടതി വിധിയിലൂടെ നേടാമെന്ന ചിന്തയാണ് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ പ്രേരിപ്പിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന് പിന്നില്‍ യു.എ.ഇ പൗരനായ ദാവൂദ് അല്‍ അറബിയാണെന്നാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ കെ.ടി.റമീസ് പറഞ്ഞിട്ടുള്ളത്. ദാവൂദ് അല്‍ അറബി എന്ന പേരിന് പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ട് പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോഫെപോസ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കാരാട്ട് റസാഖ്, കാരാട്ട് ഫെസല്‍ എന്നിവര്‍ക്കുവേണ്ടിയാണ് കെ.ടി.റമീസ് സ്വര്‍ണ്ണക്കടത്ത് നടത്തുന്നതെന്നാണ് സൗമ്യയുടെ മൊഴിയില്‍ പറയുന്നത്.
എന്നാല്‍, സൗമ്യയുടെ മൊഴിക്ക് നേരെ വിപരീതമാണ് റമീസിന്റെ മൊഴി. കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണ്ണക്കടത്തുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് റമീസിന്റെ മൊഴിയില്‍ പറയുന്നത്. കാരാട്ട് റസാഖിനെയും ഫൈസലിനെയും നേരിട്ട് കണ്ടിട്ടില്ലെന്നും ടി.വിയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും റമീസ് മൊഴിയില്‍ വിശദമാക്കുന്നു.
ഇങ്ങനെയുള്ള പരസ്പര വിരുദ്ധമായ മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ അതിന്റെ പ്രതിഫലനം അന്വേഷണസംഘം തയാറാക്കുന്ന കുറ്റപത്രത്തിലുമുണ്ടാകും. അത് പ്രതികള്‍ക്ക് വിചാരണ വേളയില്‍ പ്രയോജനം ചെയ്യും. അതുതന്നെയാവണം പ്രതികളുടെ ലക്ഷ്യവും.
കൂടാതെ, പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയാല്‍ അന്വേഷണ സംഘത്തിന് അതിന്റെ പിന്നിലെ വസ്തുത കണ്ടെത്താന്‍ സമയമെടുക്കും. അങ്ങനെ അന്വേഷണം വൈകിപ്പിക്കാനും സാധിക്കും.
കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്താല്‍ ചോദ്യംചെയ്യല്‍ വേളയില്‍ ദുബായ് സ്വദേശി ദാവൂദ് അല്‍ അറബിയും മലയാളിയായ ഫൈസല്‍ ഫരീദുമാണു കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നതെന്നു മൊഴി നല്‍കാനും റമീസ് നിര്‍ബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നല്‍കിയിട്ടുണ്ട്.
ഇതും കേസില്‍ നിന്ന് രക്ഷനേടാനുള്ള പ്രതികളുടെ തന്ത്രമാണെന്ന് സംശയിക്കേണ്ടിവരും. കാരണം ദുബായ് പൗരത്വമുള്ള ഒരു വ്യക്തികൂടി ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാവും. മറ്റൊരു രാജ്യത്തെ പൗരനെ ഇന്ത്യയിലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതോ ചോദ്യംചെയ്യുന്നതോ വളരെയധികം ബുദ്ധിമുട്ടും സങ്കീര്‍ണ്ണവുമായ പ്രശ്‌നമാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലൂടെ കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍പ്പോലും പ്രതികള്‍ക്ക് സമയത്തിന്റെ ആനുകൂല്യം ലഭിക്കും.
നയതന്ത്രബന്ധങ്ങളിലൂടെ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സമയമെടുക്കും. അങ്ങനെയായാല്‍ അന്വേഷണസംഘത്തിന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകും. ആ കാലതാമസം പഴുതാക്കി ജാമ്യം നേടാനും പ്രതികള്‍ക്ക് സാധിക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.