Breaking News

വിമാനത്താവള നടത്തിപ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ലേല നടപടികളില്‍ ദുരൂഹത ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പില്‍ താല്‍പര്യം പ്രകടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് അദാനി ഗ്രൂപ്പ് ആയിരുന്നു. കേരള സര്‍ക്കാരിനുവേണ്ടി ലേലത്തില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി രണ്ടാമതാണ് എത്തിയത്. ഈ വിഷയം കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമായിക്കൂടി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കിയിരുന്നുവെന്നും ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹയില്ലെന്നും ചൂണ്ടിക്കാട്ടി. വിശാലമായ പൊതുതാല്പര്യം മുന്‍നിര്‍ത്തി ആണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *