അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ഓക്സിജന്‍ കിട്ടാതെയാണെന്ന് ശബ്ദ സന്ദേശം. നഴ്സിങ് ഓഫീസറുടെ പേരിലാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതാണ് കോവിഡ് രോഗിയുടെ മരണത്തിന് കാരണമായതെന്നും ജീവനക്കാരുടെ അനാസ്ഥയാണ് ഇതിലൂടെ വെളിവാകുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
കോവിഡ് പോസിറ്റീവ് ആയ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതിനുശേഷമാണ് നഴ്സിങ് ഓഫീസറുടെ പേരില്‍ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
മരിച്ചത് കോവിഡില്‍നിന്ന് മുക്തനായിക്കൊണ്ടിരുന്ന രോഗിയാണ് ജീവനക്കാരുടെ അനാസ്ഥ കാരണം മരിച്ചത്. രോഗിയുടെ യഥാര്‍ത്ഥ മരണ കാരണത്തെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ക്ക് ബോധ്യമുണ്ടെന്നും എന്നാല്‍ ഇക്കാര്യം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും സമാനസംഭവങ്ങള്‍ വേറെയും നടന്നുവെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിന്റെ ആധികാരികത തെളിയിക്കപ്പെടേണ്ടതുണ്ട്.
ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.
ശബ്ദസന്ദേശം പ്രചരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പരാതി നല്കാന് ഒരുങ്ങുകയാണ് മരിച്ചയാളുടെ ബന്ധുക്കള്‍. നഴ്സിങ്ങ് ഓഫീസര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആളല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം ഒരു സന്ദേശം പുറത്തുവന്നതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.