
കൊച്ചി: കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണന്ന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവശങ്കര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളില്‍ ചികിത്സയിലാണ്. നടുവിന് കലശലായ വേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സ്കാനിംഗില്‍ ഡിസ്കിന് പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുമുണ്ട്.
എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നാണ് വിവരം. ജാമ്യം നേടാനുള്ള സാവകാശം ലഭിക്കാനായി നടത്തിയ അഭിനയമാണോ ശിവശങ്കറിന്റെ ദേഹാസ്വാസ്ഥ്യമെന്ന് കസ്റ്റരംസ് സംശയിക്കുന്നു. ആന്‍ജിയോഗ്രാം ടെസ്റ്റ് ഉള്‍പ്പെടെ നടത്തി ഗുരുതരമായ അസുഖങ്ങളൊന്നും ഇല്ലെന്ന് മനസിലായിട്ടും നടുവേദനയുടെ പേരുപറഞ്ഞ് അറസ്റ്റില്‍നിന്ന് രക്ഷനേടാനുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും കസ്റ്റംസ് വിലയിരുത്തുന്നു.
അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പലകാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് രാം കുമാറാണ് കോടതിയില്‍ ഹാജരാകുക.