Breaking News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി പലിശ രഹിത വായ്പ

കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമേകാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വിപണി ഉത്തേജനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്നും ഇതിനായി 5,675 കോടി രൂപ നീക്കിവയ്ക്കുമെന്നും കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50 വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്.
ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.
ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എന്‍കാഷ്മെന്റായി നല്‍കുക. ഈ തുകയ്ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റല്‍ പണമിടപാടുമാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
നാലുവര്‍ഷം ഒരു ബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നല്‍കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *