Breaking News

മൊറട്ടോറിയം: കൂടുതല്‍ വായ്പ ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവിലെ ബാങ്ക് വായ്പകളുടെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍. കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ സത്യവാങ്മൂലം അപൂര്‍ണ്ണമാണെന്നും വ്യക്തത വരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടിക്ക് മുകളില്‍ വായ്പയുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നും സാമ്പത്തിക നയരൂപീകരണത്തിനുള്ള അധികാരം സര്‍ക്കാരിനാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം എടുത്തതെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി വിവിധ മേഖലകള്‍ക്ക് 22 ലക്ഷം കോടിയോളം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകൂല്യം നല്‍കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അനൂകൂല്യം സംബന്ധിച്ച ഉത്തരവിറക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇളവുകളെക്കുറിച്ച് എക്‌സ്‌പെന്‍ഡീച്ചര്‍ ഫിനാന്‍സ് കമ്മിറ്റി വിലയിരുത്തി തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത ശേഷമേ ഉത്തരവ് ഇറക്കാന്‍ കഴിയൂ എന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
ലോക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം നീട്ടാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കി. മൊറട്ടോറിയം താത്കാലികമായാണ് ഏര്‍പ്പെടുത്തിയതെന്നും വായ്പ എടുത്തവര്‍ക്ക് ദീര്‍ഘകാല അനൂകൂല്യം ലഭിക്കുന്ന തരത്തിലാണ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതെന്നും റിസര്‍വ് ബാങ്ക് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകം ആയിരിക്കില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിഭാഷകന്‍ രമേശ് ബാബുവാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
രണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് കൂട്ട് പലിശ ഒഴിവായി കിട്ടുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *